കന്നുകുട്ടി പരിപാലന പദ്ധതി; കൊടിയത്തൂരിൽ കാലിതീറ്റ വിതരണം ചെയ്തു

കൊടിയത്തൂർ: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്തു. 2022-23 പദ്ധതിയിലുൾപ്പെടുത്തി 12.5 ലക്ഷം രൂപ വകയിരുത്തിയാണ് നൂറ് കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിതീറ്റ നൽകിയത്. ആദ്യഘട്ടത്തിൽ ഒരു കന്നുകുട്ടിക്ക് ദിവസം ഒന്നര കിലോ എന്ന നിരക്കിൽ മാസം 45 കിലോയും ഒന്നര വർഷത്തെ പദ്ധതി അവസാനിക്കുന്ന സമയത്ത് ദിവസം രണ്ടര കിലോ എന്ന നിരക്കിൽ മാസം 75 കിലോ കാലി തീറ്റയും ലഭിക്കും.
കേരള ഫീഡ്സ് കാലി തീറ്റയാണ് വിതരണം ചെയ്യുന്നത്. കാലി തീറ്റയുടെ വില വർധനവും പാലുൽപ്പാദനത്തിലെ കുറവും മൂലം ക്ഷീരമേഖലയിൽ നിന്ന് നിരവധി കർഷകർ പിൻമാറുന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ ഭാവിയിൽ സുരക്ഷിതമായ ഗുണമേൻമയുള്ള പാലും ലഭ്യമാക്കാൻ സാധിക്കും.
ഗോതമ്പറോഡ് ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷീര കർഷകൻ കുഞ്ഞുമുഹമ്മദ് കണിയാത്തിന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് കാലിത്തീറ്റ വിതരണോദ്ഘാടനം നിർവഹിച്ചു. ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പ്രമോദ് പദ്ധതി വിശദീകരിച്ചു. കോമളം തോണിച്ചാൽ, ആയിഷ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ ,മെഡിക്കൽ ഓഫീസർ ഡോ.നബീൽ, ജാബിർ അലി, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.






