World

കൊവിഡ് 19 വൈറസിനെ തുരത്തി ചൈന; പ്രഭവകേന്ദ്രമായ വുഹാനില്‍ പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ല

ബെയ്ജിങ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 വൈറസിനെ തുരത്തി ചൈന. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ കഴിഞ്ഞ ദിവസം പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായാണ് വുഹാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

വൈറസ് നിയന്ത്രണാതീതമായി വ്യാപിച്ചതോടെ ജനുവരി 23 മുതല്‍ വുഹാനില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ 1.1 കോടി ജനങ്ങള്‍ക്കാണ് വീടുകളില്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. ഹ്യൂബെ പ്രവിശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. ശക്തമായ ഇത്തരം പ്രതിരോധ നടപടികളിലൂടെയാണ് ചൈനയിലെ ആരോഗ്യവകുപ്പിന് കൊവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസം പുതുതായി 34 കേസുകള്‍ മാത്രമാണ് ചൈനയില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കിയത്. അതേസമയം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരൊക്കെ വിദേശത്തുനിന്ന് ചൈനയില്‍ നിന്നെത്തിയ യാത്രക്കാരാണ്. ഇതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. പ്രാദേശികമായി ഒരു പോസിറ്റീവ് കേസ് പോലും കഴിഞ്ഞ ദിവസം ചൈനയ്ക്ക് അകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. കൊവിഡ് 19 വൈറസ് ബാധമൂലം 3245 പേരാണ് ചൈനയില്‍ മരിച്ചത്. 80,928 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button