യാത്രക്കാർ ജില്ലാ കൺട്രോൾറൂമുമായി ബന്ധപ്പെടണം -കളക്ടർ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 15-ന് വൈകീട്ട് 6.30-നും ഏഴിനും ഇടയിൽ പ്ലാറ്റ്‌ഫോം ഒന്നിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീൻ-തിരുവനന്തപുരം എക്‌സ്‌പ്രസിൽ (നമ്പർ- 22634) സ്ലീപ്പർ കോച്ച് നമ്പർ അഞ്ചിൽ (എസ്-5) യാത്രചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും ഉടൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മറ്റ് ജില്ലകളിലെ യാത്രക്കാർ അതത് ജില്ലാ കൺട്രോൾറൂമുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദേശം.
ഇതുകൂടാതെ മാർച്ച് 22-ന് വൈകീട്ട് 6.30-നും ഏഴിനും ഇടയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോം നാലിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും നവയുഗ് എക്‌സ്‌പ്രസിൽ (നമ്പർ- 16688) സ്ലീപ്പർ കോച്ച് നമ്പർ നാലിൽ (എസ്-4) യാത്രചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മാർച്ച് 21 -ന് നെടുമ്പാശ്ശേരിയിൽ എത്തിയ ദുബായ്-കൊച്ചി എയർഇന്ത്യ എക്‌സ്‌പ്രസ് ഐ.എക്‌സ് 434 വിമാനത്തിലെ കോഴിക്കോട് ജില്ലയിലെ യാത്രക്കാരും ഉടൻ കൺട്രോൾറൂമുമായി ബന്ധപ്പെടണം.
ഇവർ 28 ദിവസം വീട്ടിൽതന്നെ നിർബന്ധമായും ഐസൊലേഷനിൽ കഴിയണം. ഒരുകാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു. കൺട്രോൾറൂം നമ്പർ: 0495 2373901, 2371471, 2371002, ദിശ നമ്പർ: 1056, 0471 2552056.







