കൊവിഡ് 19; തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 834 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 834 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച 84 പേര്‍ക്ക് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധമുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. ബാക്കിയുള്ള 12 പേരില്‍ മൂന്ന് പേര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തവരാണ്.
ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കൂടുതല്‍ വൈറസ് ബാധിതരുള്ളത്.
കഴിഞ്ഞ ദിവസം ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചിരുന്നു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയും അടച്ചിരിക്കുകയാണ്. രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ച നിസാമുദ്ദീനില്‍ നിന്ന് എത്തിയവരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെയും എണ്ണം 763 ആയി.
വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ 3500 വാഹനങ്ങള്‍ സജ്ജീകരിച്ചു. ചൈനയില്‍ നിന്നും റാപിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഇന്ന് സംസ്ഥാനത്തെത്തും. രോഗം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും പോസിറ്റീവ് ആകുന്നവരെ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.







