കോവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

കൊച്ചി: കോവിഡ് 19 ഭീതിയ്ക്കിടെ ഡെങ്കിപ്പനിയും സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നു. വേനല്‍മഴയ്ക്ക് പിന്നാലെയാണ് പല ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ആരോഗ്യമേഖലയിലുള്ളവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന്
ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
തിരുവനന്തപുരത്താണ് ആദ്യം ഡെങ്കി രോഗം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആറ് ഭാഗങ്ങളിലായാണ് ഡെങ്കിപ്പനിയുള്ളത്. മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ഉറവിടകേന്ദ്രങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ സ്വമേധയാ കുടുംബങ്ങള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭ്യര്‍ഥന. വീടുകളുടേയും കെട്ടിടങ്ങളുടേയും പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. റബ്ബര്‍ തോട്ടങ്ങളിലും ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡെങ്കുവൈറസുകളെ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിടുക. പകല്‍ സമയത്ത് മാത്രമാണ് ഇവ മനുഷ്യരെ കടിക്കുക. ഇടവിട്ടുള്ള പനിയാണ് ഡെങ്കിയുടെ ലക്ഷണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ രോഗം പിടിപെടാം. സാധാരണ വൈറല്‍പ്പനിയുടെ ലക്ഷണങ്ങളാണ് ഡെങ്കിക്കുമുള്ളത്. തലവേദന, പേശിവേദന, വിശപ്പിലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, അതിശക്തമായ നടുവേദന, കണ്ണിന് പുറകില്‍ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകളും കണ്ടേക്കാം. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നത് രോഗം ഗുരുതരമാകുന്നതിന് കാരണമാകും.







