സ്വാമി ജ്ഞാനതീർഥയ്ക്കായി നാടൊരുമിക്കുന്നു; ജനകീയക്കൂട്ടായ്മ ജൂലായ് 11-ന്

തിരുവമ്പാടി : കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവിക്ഷേത്രത്തിൽ മേൽശാന്തിയായും ക്ഷേത്ര തന്ത്രിയായും സേവനമനുഷ്ഠിക്കുന്ന സ്വാമി ജ്ഞാനതീർഥ (മനോജ് ശാന്തി) ഗുരുതരമായ കരൾരോഗബാധിതനായി ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി വൻ സാമ്പത്തികബാധ്യത എറ്റെടുക്കാൻ കഴിയാതെ വിഷമിക്കുന്ന അവസ്ഥയിലാണ് സ്വാമി. ചികിത്സബാധ്യത ഏറ്റെടുത്ത് ജീവൻ രക്ഷിക്കുന്നതിനുവേണ്ട കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിന് നാടൊറ്റക്കെട്ടായി ഒരുമിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, ഓമശ്ശേരി, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും മത, സാമുദായിക, സാംസ്കാരിക സാമൂഹ്യപ്രവർത്തകരും പങ്കെടുക്കുന്ന വിപുലമായ ജനകീയക്കൂട്ടായ്മ ജൂലായ് 11-ന് വ്യാഴാഴ്ച വൈകുന്നേരം നാലിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ ചേരും.
ജീവകാരുണ്യപ്രവർത്തകനായ ഷമീർ കുന്ദമംഗലം മുഖ്യാതിഥിയായിരിക്കും. ചികിത്സാസഹായസമിതി ഭാരവാഹികൾ: ലിന്റോ ജോസഫ് എം.എൽ.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ (രക്ഷാധികാരികൾ), എ. അബൂബക്കർ മൗലവി (ചെയർമാൻ).
പത്രസമ്മേളനത്തിൽ ബാബു കെ. പൈക്കാട്ടിൽ, എ. അബൂബക്കർ മൗലവി, ബിന്ദു ജോൺസൺ, സുന്ദരൻ എ. പ്രണവം, ലിസി അബ്രഹാം, ഗിരി പാമ്പനാൽ, പി.എ. ശ്രീധരൻ, വി.കെ. സുരേന്ദ്രൻ, വി.സി. മൊയ്തീൻകോയ, എ. അബ്ദുൽ അസീസ്, സി.ജി. ഭാസി എന്നിവർ പങ്കെടുത്തു.







