ചെമ്പുകടവ് പാലം സമീപനറോഡ്: സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായി

കോടഞ്ചേരി : ഒരുവർഷംമുമ്പ് പണിപൂർത്തിയാക്കിയ ചെമ്പുകടവ് പുതിയ പാലത്തിനായുള്ള സമീപനറോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായി. സ്ഥലമുടമകൾക്ക് ഉടൻതന്നെ പണം കൈമാറും. സമീപനറോഡ് നിർമിക്കാത്തതിനാൽ ഒരുവർഷമായി പാലം ഉപകാരപ്പെടാത്ത അവസ്ഥയായിരുന്നു. സ്ഥലമേറ്റെടുത്ത പശ്ചാത്തലത്തിൽ സമീപനറോഡിന്റെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലിന്റോ ജോസഫ് എം.എൽ.എ. പറഞ്ഞു.
പുതിയപാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപനറോഡ് നിർമിക്കേണ്ടതുണ്ട്. ഇരുകരകളിലുമായി മൂന്ന് സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കരാർ കാലാവധി അനുസരിച്ച് ഊരാളുങ്കൽ സൊസൈറ്റി ഒരുവർഷംമുമ്പേ പാലം നിർമാണം പൂർത്തിയാക്കി.
ചാലിപ്പുഴയ്ക്ക് കുറുകെയുള്ളതാണ് നൂറാംതോടിനെയും ചെമ്പുകടവിനെയും ബന്ധിപ്പിക്കുന്ന പുതിയ ആർച്ച്പാലം. എട്ടുകോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 55 മീറ്റർ നീളമുണ്ട്. ഇരുവശത്തും ഒന്നരമീറ്റർ നടപ്പാതയുൾപ്പെടെ 12 മീറ്റർ വീതിയുമുണ്ട്. കണ്ടപ്പൻചാൽ പാലത്തിന്റെ മാതൃകയിൽ തൂണുകളില്ലാത്തരീതിയിലാണ് നിർമാണം. ചാലിപ്പുഴയ്ക്ക് കുറുകെ അരനൂറ്റാണ്ടുമുമ്പ് ജലസേചനവകുപ്പ് നിർമിച്ച ബണ്ട് പാലത്തിലൂടെയാണ് ജനങ്ങൾ ഇപ്പോൾ അക്കരെയിക്കരെ കടക്കുന്നത്. തൂണുകളിന്മേലുള്ള, താഴ്ന്നപാലത്തിൽ കല്ലുകളും തടിയും മറ്റും പ്രളയജലത്തിൽ വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നത് പതിവാണ്. ഇപ്രകാരം, രണ്ടാഴ്ചമുൻപ് പുഴ ഗതിമാറി അങ്ങാടിയിലൂടെ ഒഴുകി പ്രദേശത്ത് പ്രളയത്തിനിടയാക്കിയിരുന്നു. കഴിഞ്ഞദിവസം ജെ.സി.ബി. ഉപയോഗിച്ച് കല്ലുകൾ നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കി. പുതിയപാലം തുറക്കുന്നതോടെ പ്രളയഭീതി ഒഴിയുകയും ഗതാഗതം സുഗമമാകുകയും ചെയ്യും.







