Thiruvambady
കാട്ടുപന്നി കൃഷി വ്യാപകമായി നശിപ്പിച്ചു

തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂടരഞ്ഞി-കൂമ്പാറ റോഡിൽ പുഷ്പഗിരി പള്ളിക്കുസമീപം കാട്ടുപന്നികളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചെമ്പുകെട്ടിക്കൽ ഫ്രാൻസിസ് സാലസിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ 40-ഓളം നേന്ത്രവാഴകളും 30-ഓളം മരച്ചീനിയുമാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്.
മുരടുകൾ കുത്തിക്കിളച്ചിട്ടനിലയിലാണ്. നേന്ത്രവാഴയ്ക്ക് ആറുമാസം പ്രായവും മരച്ചീനിക്ക് നാലുമാസം പ്രായവുമുണ്ട്. കൂടാതെ മൂന്നുവർഷം പ്രായമായ കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. മരച്ചീനിയ്ക്ക് തീർത്ത സംരക്ഷണവേലി തകർത്താണ് കാട്ടുപന്നികളെത്തിത്. വിളകൾ പലതും പിഴുതുമാറ്റിയനിലയിലാണ്. ഏകദേശം 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ഫ്രാൻസിസ് സാലസ് പറഞ്ഞു.







