ചികിത്സയുടെ പേരിൽ തട്ടിപ്പ്; വീട്ടമ്മയെയും യുവാവായ മകനെയും നാട്ടുകാർ പിടികൂടി…

താമരശ്ശേരി ∙ ചികിത്സയുടെ പേരിൽ തട്ടിപ്പ് നടത്തി വന്ന വീട്ടമ്മയെയും യുവാവായ മകനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വയനാട് ചുണ്ട പിടി ക്വാർട്ടേഴ്സിലെ നബീസ, മകൻ മൻസൂർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പൊലീസ് ലോക്ഡൗൺ ലംഘനത്തിനു കേസെടുത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ക്വാറന്റീൻ നിരീക്ഷണത്തിനായി മാറ്റി.
മകന്റെ ഭാര്യയ്ക്ക് ശസ്ത്രക്രിയ നടത്താൻ പണം ആവശ്യപ്പെട്ടാണ് ഇവർ രണ്ടുദിവസമായി താമശ്ശേരിയിൽ പലരെയും കണ്ടത്. ആശുപത്രിയിലെ ബില്ല് അടയ്ക്കാനായി 2000 രൂപയാണ് കാരാടി സ്വദേശി നൽകിയത്. സാമ്പത്തികസഹായം നൽകുന്നവരുടെ പേരു വിവരങ്ങളും ഫോൺ നമ്പറും ഇവരുടെ പക്കലുണ്ട്. ഇതു പ്രകാരം ഫോണിൽ വിളിച്ചും നേരിട്ടു വീടുകളിൽ എത്തിയുമാണ് തട്ടിപ്പ്.
കള്ളി വെളിച്ചത്തായതോടെ താമരശ്ശേരിയിൽ നിന്നു മുങ്ങിയ ഇവരെ പൂനൂർ കോളിക്കൽ റോഡിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ചുണ്ടയിൽ നിന്നു മൂന്നു ദിവസം മുൻപു കോഴിക്കോട്ടേക്കുള്ള ആംബുലൻസിൽ കയറി താമരശ്ശേരിയിൽ എത്തിയ ഇവർ കളരാന്തിരിയിൽ താമസിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉദ്ദേശിക്കുന്ന വിടിനടുത്തെത്തുമ്പോൾ മകൻ മാറി നിന്ന് വീട്ടമ്മ ഒറ്റയ്ക്കു ചെന്നാണ് സഹായം അഭ്യർഥിക്കുക. പ്രതികൾ പിടിയിലായതോടെ തട്ടിപ്പിന് ഇരയായ പലരും രംഗത്തുവന്ന് ഇവരെ തിരിച്ചറിഞ്ഞു.






