Kozhikode

കോവിഡ്: വലിയങ്ങാടിയിൽ മുൻകരുതൽ പേരിനു മാത്രം

കോഴിക്കോട് ∙ കോട്ടയത്ത് മാർക്കറ്റിൽ നിന്നു കോവിഡ് പകർച്ച സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഹോട്സ്പോട്ട് ആയി മാറുന്നത് വലിയങ്ങാടി പോലുള്ള മാർക്കറ്റുകൾ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ ഏറെപ്പേരും ജോലി ചെയ്യുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതേക്കുറിച്ചു ബോധവാന്മാരാണെങ്കിലും പ്രത്യേക നടപടിയൊന്നും കൈക്കൊള്ളുന്നുമില്ല.

കർശന നടപടികൾ ഇപ്പോഴെങ്കിലും വലിയങ്ങാടിയിൽ ആരംഭിച്ചില്ലെങ്കിൽ ജില്ലയിലെ കോവിഡ് നിയന്ത്രണം കൈവിട്ടു പോകുമെന്നാണ് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്കു പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വരുന്നത്. ചരക്കുമായി വരുന്ന വാഹനത്തിലെ ജീവനക്കാരിൽ പലരും മാസ്ക് പോലും ധരിക്കുന്നില്ല.

പ്രാഥമികാവശ്യങ്ങൾക്കായി വലിയങ്ങാടിയിലെ പൊതുടാപ്പിൽ നിന്നാണു ലോറി ജീവനക്കാർ വെള്ളമെടുക്കുന്നത്. നിർത്തിയിട്ട ലോറിയുടെ കാബിനിലാണ് ജീവനക്കാർ ഭക്ഷണം പാചകം ചെയ്യുന്നത്. പൊതു ശുചിമുറിയും കുറവ്. അതിരാവിലെ തൊഴിലാളികൾ സാധനങ്ങൾ ഇറക്കാൻ തുടങ്ങും. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായി 1400 തൊഴിലാളികളാണ് ഇവിടെയുള്ളത്.

സാധനങ്ങൾ ഇറക്കുന്നതിനിടെ ലോറി മാറ്റാനും മറ്റും പറയേണ്ടതിനാൽ പല തൊഴിലാളികൾക്കും ജീവനക്കാരുമായി മതിയായ അകലം പാലിക്കാൻ പറ്റുന്നില്ല. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ജീവനക്കാരിൽ ആർക്കെങ്കിലും കോവിഡുണ്ടെങ്കിൽ അതു പടരാൻ സാധ്യത ഏറെയാണെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു. ഒരാൾക്ക് കോവിഡ് ബാധയുണ്ടായാൽ വലിയങ്ങാടി മൊത്തത്തിൽ അടച്ചിടേണ്ട ഗുരുതരാവസ്ഥയുണ്ടാകും.

ലോക്ഡൗണിൽ ഭക്ഷ്യസാധന ലഭ്യത ഉറപ്പു വരുത്തണമെന്നതിനാലാണ് ഏറെ പ്രയാസം സഹിച്ചും ജോലി ചെയ്യുന്നതെന്നു വ്യാപാരികളും തൊഴിലാളികളും പറഞ്ഞു. ചെറൂട്ടി റോഡ്, കോർട്ട് റോഡ്, പഴയ മേൽപാലം, ബീച്ച് റോഡ് എന്നിവയാണ് വലിയങ്ങാടിയിലേക്കുള്ള പ്രധാന വഴികൾ. ഇവിടങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിലായി അതിരാവിലെ ലോറി ജീവനക്കാർക്ക് പരിശോധന സൗകര്യം ഒരുക്കിയാൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ആശങ്ക പരിഹരിക്കാം. അതിരാവിലെ സജീവമാകുന്ന വലിയങ്ങാടി വൈകിട്ട് 4 വരെ മാറ്റമില്ലാതെ തുടരുകയാണ്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/04/28/kozhikode-covid-caution-at-valiyangadi.html

Related Articles

Leave a Reply

Back to top button