Puthuppady
പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു

പുതുപ്പാടി : കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വയനാട് ഭാഗത്തുനിന്നെത്തിയ കാർ, വയനാട്ടിലേക്ക് പിഡബ്ല്യുഡി കെട്ടിടത്തിന്റെ നിർമാണപ്രവൃത്തിക്കുള്ള തൊഴിലാളികളെയുംകൊണ്ട് പോവുകയായിരുന്ന പിക്കപ്പ്‌വാനിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട് മറ്റൊരുലോറിയുമായും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് മറിഞ്ഞതിനെത്തുടർന്ന് അതിലെ ഡ്രൈവറും ഒൻപത് തൊഴിലാളികളും റോഡരികിലുണ്ടായിരുന്ന ഒരു യാത്രക്കാരനുമുൾപ്പെടെ പതിനൊന്നുപേർക്ക് പരിക്കേറ്റു. ഇവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യാശുപത്രികളിലുമായി പ്രവേശിപ്പിച്ചു.







