Thiruvambady

അമിത വൈദ്യുതപ്രവാഹം: ഗൃഹോപകരണങ്ങൾ നശിച്ചു

തിരുവമ്പാടി : അമിത വൈദ്യുതപ്രവാഹത്തിൽ ഗൃഹോപകരണങ്ങൾ വ്യാപകമായി നശിച്ചതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി അയനിക്കുന്നത്ത് സുബിൻ, മുണ്ടാട്ട് മെൽബിൻ, തരിപ്പുകുന്നുമ്മൽ സത്താർ, ഓടയ്ക്കച്ചാലിൽ നാസർ, അബ്ദു, വലിയമൈലാടിയിൽ ലിസി ഏലിയാസ്, പൈമ്പിള്ളിൽ ഷിബു, ഓലിയങ്കൽ പോൾ തോമസ്, മേക്കുന്നേൽ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ വാഷിങ് മെഷീൻ, ഫാൻ, ഇൻഡക്‌ഷൻ കുക്കർ, സ്റ്റെബിലൈസർ, ഇൻവെർട്ടർ, ടിവി, മിക്സി, ചാർജർ, ബൾബുകൾ, ഫിൽട്ടർ, ക്യാമറ, വൈഫൈ ബോക്സ്, ലാപ്പ്‌ടോപ് ചാർജർ തുടങ്ങിയ ഇലക്ടിക്, ഇലക്ടോണിക്സ് ഉപകരണങ്ങളാണ് നശിച്ചത്. കെഎസ്ഇബി കൂമ്പാറ സെക്ഷന്റെ അധീനതയിലുള്ള പ്രദേശമാണ്.

കനത്തമഴയിൽ കുളിരാമുട്ടി പ്രദേശത്ത് റബ്ബർമരം ഒടിഞ്ഞുവീണ് വൈദ്യുതത്തൂൺ ഒടിഞ്ഞിരുന്നു. ലൈൻ ക്രമീകരിച്ചശേഷം ശരിയായ പരിശോധന നടത്താതെ ലൈൻ ഓണാക്കിയതിനെത്തുടർന്നാണ് അമിത വോൾട്ടേജ് പ്രവാഹമുണ്ടായതെന്നാണ് ആക്ഷേപം. കെഎസ്ഇബി കൂമ്പാറ സെക്‌ഷൻ അസി. എൻജിനിയർക്ക് നിവേദനം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അശ്രദ്ധ പരിഗണിച്ച് വൈദ്യുതിബോർഡ് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് കുളിരാമുട്ടി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ യോഗം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് രാജേഷ് മണിമലതറപ്പേൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ബോബി ഷിബു, ജിബിൻ മാണിക്കത്ത്കുന്നേൽ, രാജുവലിയ മൈലാടിയിൽ, ബോബൻ ഓലിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button