ആളനക്കം അറിഞ്ഞ് വീണ്ടും മിഠായിത്തെരുവ്

കോഴിക്കോട് ∙ ജില്ലയുടെ പൈതൃകത്തെരുവായ മിഠായിത്തെരുവിൽ ഒന്നര മാസത്തിനുശേഷം കടകൾ തുറന്നു. ജില്ല ഓറഞ്ച് സോണിലേക്ക് മാറിയപ്പോൾ നഗരത്തിലും കടകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും ആളുകൾ കൂട്ടമായി എത്തിച്ചേരുന്ന മിഠായിത്തെരുവിൽ കടകൾ തുറക്കാൻ കലക്ടർ അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം വ്യാപാരികളും അധികൃതരുമായി കലക്ടറേറ്റിൽ നടന്ന ചർച്ചകൾക്കുശേഷമാണ് മിഠായിത്തെരുവിലെ കടകൾ തുറക്കാൻ കലക്ടർ അനുമതി നൽകിയത്.2 നിലകൾ വരെയുള്ള കെട്ടിടങ്ങൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.
ഇന്നലെ രാവിലെ എട്ടുമണിയോടെ കടകൾ തുറക്കാൻ ഉടമസ്ഥരും ജീവനക്കാരും എത്തിയിരുന്നു. എന്നാൽ കടയുടെ വിസ്തീർണം, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ച് സിറ്റി കമ്മിഷണറുടെ ഒപ്പിട്ടു ലഭിച്ച കടകൾ മാത്രമേ തുറക്കാവൂ എന്ന് പൊലീസെത്തി അറിയിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിരുന്നു. തുടർന്ന് കടയുടമകൾ തൊട്ടടുത്തുള്ള സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് പല കടകൾക്കും സത്യവാങ്മൂലം സീൽ ചെയ്ത് ലഭിച്ചത്. 5 മണിക്ക് കടകൾ അടയ്ക്കേണ്ടതിനാൽ പലർക്കും കടകൾ തുറക്കാനും കഴിഞ്ഞില്ല. ഏതാനും കടയുടമകൾ മാത്രം ഇന്നലെ കടകൾ തുറന്ന് ശുചീകരണം നടത്തി.കഴിഞ്ഞ ദിവസം അനുമതിയില്ലാതെ മിഠായിത്തെരുവിലെ കട തുറന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്് ടി.നസിറുദ്ദീൻ അടക്കമുള്ള 5 പേർക്കെതിരെ കേസെടുത്തിരുന്നു.
News from Manorama
Read more at: https://www.manoramaonline.com/district-news/kozhikode/2020/05/13/kozhikode-sm-street-shop-opening.html







