ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ

കോടഞ്ചേരി : മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയെന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമമുറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന വനവികസന ഏജൻസിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ‘സ്നേഹഹസ്തം’ മെഗാ മെഡിക്കൽക്യാമ്പ് തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വനമേഖലയുമായി ചേർന്നുനിൽക്കുന്ന ഉന്നതികളിൽ താമസിക്കുന്നവർക്ക് ചികിത്സാകേന്ദ്രങ്ങളിൽ എത്താനുള്ള പ്രയാസം കുറയ്ക്കാനാണ് വനംവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സ്നേഹഹസ്തം നടപ്പാക്കിയതെന്നും സമാനമായ 551 മെഡിക്കൽക്യാമ്പുകൾ ഉന്നതികളിൽ നടത്തിയിട്ടുണ്ടെന്നും 1000 ക്യാമ്പുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.ജില്ലയിലെ മലയോരമേഖലയിലുള്ള വിവിധ ഉന്നതികളിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാരായ കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയത്.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി. സ്നേഹഹസ്തം കൺവീനർ ഡോ. ഹേമാ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ സിസിലി ജേക്കബ്, റോസ്ലി മാത്യു, സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻകുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, ഐഎംഎ ദേശീയചെയർമാൻ ഡോ. എം.എസ്. അഷ്റഫ്, ദേശീയ ആരോഗ്യദൗത്യം കോഴിക്കോട് പ്രോഗ്രാം മാനേജർ സി.കെ. ഷാജി, തുഷാരഗിരി വനസംരക്ഷണസമിതി പ്രസിഡന്റ് ജേക്കബ് മാത്യു, ഡോ. ബി. വേണുഗോപാലൻ, ഡിഎഫ്ഒ യു. ആഷിഖ് അലി തുടങ്ങിയവർ സംസാരിച്ചു.മന്ത്രിക്കുനേരേ പ്രതിഷേധിക്കാനെത്തിയ കർഷകകോൺഗ്രസ് പ്രവർത്തകരെ മന്ത്രി എത്തുന്നതിനു മുൻപുതന്നെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു.







