ഡിആർഡിഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ ആൾ അറസ്റ്റിൽ

കൊടുവള്ളി∙ ഡിആർഡിഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. ചങ്ങനാശ്ശേരിവാഴൂർ സ്വദേശി അരുൺ.പി.രവീന്ദ്രനെയാണ് (38) കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തത്. നാലു മാസമായി കൊടുവള്ളി മറിവീട്ടിൽ താഴത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്മെൻ്റ് ഓർഗനൈസേഷനിൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഡപ്യൂട്ടേഷനിൽ എത്തിയതാണെന്നാണ് സമീപവാസികളോട് പറഞ്ഞിരുന്നത്. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഡിആർഡിഒയുടെ വ്യാജ ഐഡി കാർഡ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
കൊടുവള്ളി സ്വദേശിയായ സുബേഷിൽ നിന്ന് സൈന്യത്തിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി രണ്ടര പവൻ സ്വർണ്ണവും 25000 രൂപയും കൈക്കലാക്കിയിരുന്നു. ഐബിയും, ഡിആർഡിഒ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യും. ഒരാഴ്ച മുൻപ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹത്തട്ടിപ്പിനും ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്ഐമാരായ സായൂജ് കുമാർ, ഇ.ഹരിദാസൻ, എ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/05/22/kozhikode-koduvally-arrest.html







