Karassery

മുക്കം സിഎച്ച്സി ബഹുനിലമന്ദിരം നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : ഏറെക്കാലമായി അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മികച്ച സൗകര്യങ്ങളോടെ വികസനത്തിന് അവസരമായി. 13.61 കോടി ചെലവിൽ ബഹുനില കെട്ടിടനിർമാണപ്രവൃത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

പഴക്കം ചെന്നതും അസൗകര്യങ്ങൾ നിറഞ്ഞതുമായ കെട്ടിടങ്ങളാണ് നിലവിൽ അധികവുമുള്ളത്. കുടുംബക്ഷേമപദ്ധതി പ്രകാരം ആരോഗ്യ ഉപകേന്ദ്രമായി തുടങ്ങി പ്രാഥമികാരോഗ്യകേന്ദ്രമായി വളർന്ന് കമ്യൂണിറ്റി ഹെൽത്ത് സെൻറർ പദവിവരെ എത്തിയതാണ് ഈ ആശുപത്രി. കുടുംബക്ഷേമ ശസ്ത്രക്രിയകൾക്കും പ്രസവത്തിനും ഓപ്പറേഷൻ തിയേറ്ററോടുകൂടിയ മലയോരമേഖലയിലെ ആദ്യകാല ആശുപത്രി എന്ന നിലയിൽ അനേകം രോഗികൾ ആശ്രയിച്ചിരുന്നു. ക്ഷയരോഗനിവാരണത്തിനുള്ള ജില്ലയിലെ പ്രധാനകേന്ദ്രവുമാണ് മുക്കം സിഎച്ച്സി.

കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയപ്പോൾ നാല് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെ എട്ടിലേറെ ഡോക്ടർമാരും അതിനനുസൃതമായ പാരാമെഡിക്കൽ സ്റ്റാഫുമായി. ഒട്ടേറെ രോഗികൾ കിടത്തിച്ചികിത്സയ്ക്കും ആശ്രയിച്ചിരുന്നു. പിന്നീട് ചില കെട്ടിടങ്ങൾ പഴക്കം ചെന്ന് സൗകര്യങ്ങൾ കുറഞ്ഞു. ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ മിക്കവരും ഇല്ലാത്ത അവസ്ഥയായി. അസൗകര്യങ്ങൾ കാരണം രോഗികൾക്ക് കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സ്വകാര്യ ആശുപത്രികളെയും കോഴിക്കോട് മെഡിക്കൽ കോളേജിനെയുംമറ്റും ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ. ഇതോടെ ആശുപത്രിവികസനാവശ്യം ശക്തമായി. പരാതികളും സമരങ്ങളും ഉയർന്നു.

ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികളുടെ ആവശ്യം പരിഗണിച്ചാണ് മുനിസിപ്പാലിറ്റിയും
ലിന്റോ ജോസഫ് എംഎൽഎയും മുൻകൈയെടുത്ത് ആശുപത്രിവികസനത്തിന് ശ്രമം തുടങ്ങിയത്. കിഫ്ബി ഉൾപ്പെടെയുള്ള ഫണ്ടുകൾ ലഭിക്കാത്ത സാഹചര്യത്തിൽ എംഎൽഎയുടെ ശ്രമഫലമായി നബാർഡിൽ നിന്നാണ് 13.61 കോടിരൂപ അനുവദിച്ചുകിട്ടിയത്. ആറുമാസത്തിനുള്ളിൽ പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ നബാർഡിന്റെ ഫണ്ട് ലാപ്സാകുമെന്നതിനാൽ വിവിധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ തീവ്രപരിശ്രമത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർചെയ്ത്‌ പ്രവൃത്തി തുടങ്ങാനായതെന്ന് എംഎൽഎ പറഞ്ഞു.

Related Articles

Leave a Reply

Back to top button