Kozhikode

താമരശ്ശേരി ചുരത്തിൽ പുലി?

താമരശ്ശേരി∙ വയനാട് ചുരത്തിൽ ഒൻപതാം വളവിനു താഴെ ദേശീയപാതയിൽ അർധ രാത്രി പുലിയെ കണ്ടതായി വാഹന ഡ്രൈവർ. മൈസുരുവിൽ നിന്നു താമരശ്ശേരിയിലേക്കു പച്ചക്കറിയുമായി വന്ന പിക്കപ് വാഹനത്തിന്റെ ഡ്രൈവർ താമരശ്ശേരി കൊട്ടാരക്കോത്ത് ചാലിൽ റിയാസ് ആണു രാത്രി 12 മണിയോടെ പുലിയെ കണ്ടതായി പൊലീസിനെ അറിയിച്ചത്.

റോഡ് ഇടുങ്ങിയ ഭാഗത്തേക്കു മുകളിൽ നിന്നു ചാടിയ പുലിയെ കണ്ടു വാഹനം സഡൻ ബ്രേയ്ക്കിട്ടു നിർത്തുകയായിരുന്നുവത്രെ. പുലി മുകൾഭാഗത്തെ വനത്തിലേക്കു തന്നെ കയറിപ്പോയതായും റിയാസും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തും പറയുന്നു.യാത്രക്കാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മറ്റും വാഹനം നിർത്തി പുറത്തിറങ്ങുന്ന സ്ഥലമായതിനാൽ ഉടൻ തന്നെ റിയാസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു.

അടിവാരത്തെത്തി തട്ടുകടക്കാരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്തു. എന്നാൽ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം. വനം വകുപ്പ് അധികൃതരും ചുരത്തിലെത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.രാത്രിയും പകലും ഒരുപോലെ യാത്രക്കാർ പുറത്തിറങ്ങി കാനന ഭംഗിയും കോടമഞ്ഞും ആസ്വദിക്കുന്ന സ്ഥലം കൂടിയാണിത്. കാട്ടുമൃഗശല്യം തീരെയില്ലാത്ത ഈ പാതയിൽ പുലിയെ കണ്ടെന്ന വിവരം ആദ്യമായാണ്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/04/kozhikode-leopard-found-at-thamarassery-churam.html

Related Articles

Leave a Reply

Back to top button