താമരശ്ശേരി ചുരത്തിലെ കലുങ്ക് നവീകരണം തുടങ്ങി

അടിവാരം : താമരശ്ശേരി ചുരത്തിൽ ഒരുഭാഗത്തെ കല്ലുകൾ പൊളിഞ്ഞ് അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. ചുരം രണ്ടാംവളവിന് താഴെ റോഡിൽ വലിയവിള്ളൽ രൂപപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള കലുങ്കാണ് നവീകരിക്കുന്നത്. നാലുവർഷംമുൻപ് ഇവിടത്തെ പാതയോരത്തോട് ചേർന്നുള്ള നാല് മീറ്ററോളം വരുന്ന ഭാഗം നവീകരിച്ചിരുന്നു. ശേഷിക്കുന്ന പതിനൊന്നുമീറ്റർ ദൈർഘ്യമുള്ള ഭാഗമാണ് ഇപ്പോൾ പൊളിച്ചുമാറ്റി പുതുക്കിപ്പണിയുന്നത്.
നിലവിൽ കലുങ്കിനരികിൽ റോഡിന് ഇടതുഭാഗത്തായുള്ള ഉയരമുള്ള സുരക്ഷാഭിത്തിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. സുരക്ഷാഭിത്തിയുടെ നിർമാണം പൂർത്തീകരിച്ചാൽ കലുങ്കിന് അടിഭാഗത്ത് വലിയ തകർച്ച നേരിട്ട കരിങ്കൽകെട്ട് പൊളിച്ച് പുതുക്കിപ്പണിതശേഷം സ്ലാബ് വാർത്ത് കലുങ്കും റോഡ് പ്രതലവും നവീകരിക്കും. അതിനായി ആദ്യം ടാർചെയ്ത പ്രതലത്തിന്റെ വലതുവശവും പിന്നീട് ഇടതുഭാഗവും പൊളിക്കേണ്ടിവരും. റോഡ് മുറിച്ച് പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ ഈ ഭാഗത്തുകൂടി ഒറ്റവരിയായിമാത്രമാണ് ഗതാഗതം സാധ്യമാവുകയെന്നതിനാൽ, ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലുങ്ക് പ്രവൃത്തിയുടെയും 6, 7, 8 വളവുകളുടെ തുടർ നവീകരണപ്രവൃത്തിയുടെയും സമയങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം കോഴിക്കോട് കളക്ടർക്ക് മുൻകൂറായി കത്തുനൽകി. റോഡ് മുറിച്ചുള്ള കലുങ്ക് നവീകരണപ്രവൃത്തി അടുത്തയാഴ്ച നടക്കുമെന്ന് പ്രവൃത്തിക്ക് നേതൃത്വംനൽകുന്ന പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം കൊടുവള്ളി സെക്ഷൻ അസി. എൻജിനിയർ എം. സലീം അറിയിച്ചു.






