മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക്; വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു

മുക്കം : മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. പുതിയ സ്റ്റാൻഡ് വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കാത്തതാണ് വ്യാപാരികളെ ദുരിതത്തിലാക്കുന്നതെങ്കിൽ, ഗതാഗതക്കുരുക്കും നഗരത്തിലെ പൊളിഞ്ഞ റോഡുകളുമാണ് യാത്രക്കാർക്കു വിനയാകുന്നത്.
മുക്കം നഗരത്തിലെ മുഴുവൻ റോഡുകളും 4.8 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ നവീകരികരിക്കുന്നതാണ് പദ്ധതി. ആലിൻ ചുവട് – മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, ആലിൻചുവട് – പുതിയ സ്റ്റാൻഡ് റോഡ്, ബൈപ്പാസ്, തൃക്കുടമണ്ണ ക്ഷേത്രം റോഡ് തുടങ്ങി നഗര മധ്യത്തിലെ എല്ലാ റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച് തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കാൻ സാധിക്കാത്ത റോഡുകൾ കൊരുപ്പുകട്ടകൾ വിരിച്ച് മികവുറ്റതാക്കാനായിരുന്നു തീരുമാനം.
എന്നാൽ, ആലിൻചുവട് – മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, തൃക്കുടമണ്ണ ക്ഷേത്രം റോഡ് എന്നിവ മാത്രമേ ഇതുവരെ നവീകരിച്ചിട്ടുള്ളൂ. ആലിൻചുവട് – പുതിയ സ്റ്റാൻഡ് റോഡ് പ്രവൃത്തി രണ്ടുമാസം കൊണ്ട് തീർക്കാമെന്ന് ഉറപ്പു നൽകിയാണ് ആരംഭിച്ചത്. എന്നാൽ, പത്തു മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്. പുതിയ സ്റ്റാൻഡിൽ കൊരുപ്പുകട്ടകൾ പാകിയെങ്കിലും ബസുകൾക്ക് ഇവിടേക്ക് പ്രവേശനമില്ല. ഒരു വർഷത്തോളമായി കാര്യമായി കച്ചവടമൊന്നും നടക്കാത്തതിനാൽ പിടിച്ചുനിൽക്കാനാവാതെ എന്ത് ചെയ്യണമെന്ന ആലോചനയിലാണ് വ്യാപാരികൾ.
ഇതിനിടെ, ബലിപെരുന്നാൾ, സ്കൂൾ സീസൺ വിപണിയും ഇല്ലാതായെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു. പ്രവൃത്തിയിലെ മെല്ലെപ്പോക്കിന്റെ പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും കരാറുകാരും തമ്മിൽ ഒട്ടേറെത്തവണ വാക്കേറ്റമുണ്ടായിരുന്നു. നഗരസഭാ അധികൃതരുമായി പല തവണ നേതാക്കൾ ചർച്ച നടത്തുകയും പ്രക്ഷോഭം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
മലയോരമേഖലയിൽ, വേനൽമഴ ശക്തമായതോടെ വയലിൽ മമ്മദ് ഹാജി റോഡിലും ബൈപ്പാസിലുമുള്ള വൻകുഴികളിൽ ചെളിനിറഞ്ഞ അവസ്ഥയാണ്. ഇത് വാഹന- കാൽനട ക്കാർക്കു വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. നേരത്തെ, കോൺക്രീറ്റ് ചെയ്ത ബൈപ്പാസിൽ വലിയകുഴി രൂപപ്പെട്ട് കമ്പി പുറത്തു കാണുന്ന സ്ഥിതിയാണ്. ഇതു വാഹനങ്ങളുടെ ടയറിൽ കുത്തിക്കയറി പഞ്ചറാകുന്ന അവസ്ഥയുമുണ്ട്. നവീകരണപ്രവൃത്തി എത്രയുംപെട്ടെന്ന് പൂർത്തിയാക്കി ദുരിതത്തിനു പരിഹാരം കാണണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.







