താമരശ്ശേരി ചുരം ആറാംവളവിൽ ലോറി കുടുങ്ങി

അടിവാരം : ആറാം ഹെയർപിൻ വളവിൽ ചരക്കുലോറി ചക്രം തകർന്ന് കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഒരുമണിക്കൂറിലേറെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വയനാട് ഭാഗത്തുനിന്നെത്തി ചുരമിറങ്ങുകയായിരുന്ന പന്ത്രണ്ടുചക്ര ലോറിയാണ് തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് മുൻപേതന്നെ വളവിൽ കുടുങ്ങിയത്. തകർന്ന ചക്രം മാറ്റി പുതിയത് ഘടിപ്പിച്ച് വാഹനം വളവിൽനിന്ന് മാറ്റുമ്പോഴേക്കും സമയം എട്ടരയായി. ഇതേത്തുടർന്ന് അത്രയുംനേരം ഒറ്റവരിയായിമാത്രമാണ് വാഹനങ്ങളെ ആറാംവളവുവഴി കടത്തിവിട്ടത്.
ചുരത്തിൽ ആറ്, ഏഴ്, എട്ട് വളവുകളിലെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനെത്തുടർന്ന് മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം നിലവിലുണ്ടെങ്കിലും നിയന്ത്രണം മറികടന്നെത്തിയ വാഹനങ്ങളിലൊന്നാണ് തിങ്കളാഴ്ച വഴിയിൽ കുടുങ്ങിയത്. ചുരത്തിലെ ഏറ്റവും ഇടുങ്ങിയ വളവിൽ വാഹനം നിന്നുപോയതോടെ ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്. അതേസമയം, പത്തിൽക്കൂടുതൽ ചക്രമുള്ള മൾട്ടി ആക്സിൽ ലോറികൾ വാഹനം മാറ്റുന്നതുവരെ ഇരുദിശകളിലുമായി പിടിച്ചിട്ടു. ഭാഗിക ഗതാഗതതടസ്സത്തെത്തുടർന്ന് ഇരുദിശകളിലും വരിയിൽ കാത്തുകിടന്ന വാഹനങ്ങളുടെ ദൈർഘ്യം കിലോമീറ്ററുകളോളം നീണ്ടു. അതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. വേനലവധിക്കുശേഷം തിങ്കളാഴ്ച പകൽ നാട്ടിലേക്ക് തിരിച്ചവരും മടങ്ങുന്നവരും ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെട്ടു.
വരിയിൽ കാത്തുനിൽക്കാൻ ക്ഷമയില്ലാതെ നിര തെറ്റിച്ച് മറികടന്ന് മുന്നോട്ടുപോയ വലുതും ചെറുതുമായ ഒട്ടേറെ വാഹനങ്ങളും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി. ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കാരണം ആംബുലൻസുകൾ ഉൾപ്പെടെ പലയിടങ്ങളിലും വഴിയിൽക്കുടുങ്ങി.ലോറി മാറ്റിയിട്ടും ഒരുമണിക്കൂറോളം കഴിഞ്ഞാണ് ആറാംവളവുവഴിയുള്ള ഗതാഗതം പഴയപടിയായത്.കുരുക്കിൽ കുടുങ്ങിയ യാത്രക്കാരിലേറെയും ചുരംപാത താണ്ടാൻ ഒന്നും ഒന്നരയും മണിക്കൂറെടുത്തു. താമരശ്ശേരി ഹൈവേ പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.





