Mukkam

നെല്ലിക്കപറമ്പ് സി.എച്ച്.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി

മുക്കം: പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ നെല്ലിക്കപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവ പരിപാടികൾ വർണാഭമായി. വിദ്യാലയ മുറ്റത്തെത്തിയ നവാഗതരെയും മറ്റ് വിദ്യാർത്ഥികളെയും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് മധുരവും സ്നേഹവും നൽകി സ്വീകരിച്ചു.

​സ്കൂളിൽ വെച്ച് നടന്ന പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ദിവ്യ നിർവ്വഹിച്ചു. വാർഡ് മെമ്പർ വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് എരഞ്ഞിമാവ്, സ്കൂൾ മാനേജർ പി അബ്ദുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.കെ ഷമീർ, എം പി ടി എ ചെയർപേഴ്സൺ ഇംസാന, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

​ചടങ്ങിൽ വെച്ച് തിരുവമ്പാടി എം.എൽ.എ സി.കെ കാസിം വിദ്യാർത്ഥികൾക്കായി നൽകിയ സ്നേഹസമ്മാനങ്ങളുടെ വിതരണവും നടന്നു. കൂടാതെ മഴക്കാലം മുന്നിൽക്കണ്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വകയായി കുട്ടികൾക്ക് മനോഹരമായ വർണ്ണക്കുടകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.പുതിയ കുടകളും സമ്മാനങ്ങളും നെഞ്ചിലേറ്റിയ കുട്ടികളുടെ കലാപരിപാടികളോടെയാണ് പ്രവേശനോത്സവ ചടങ്ങുകൾ സമാപിച്ചത്.

Related Articles

Leave a Reply

Back to top button