തിരുവമ്പാടി ബൈപ്പാസ് യാഥാർഥ്യമാകുമോ?; വികസന പ്രതീക്ഷയിൽ ജനങ്ങൾ

തിരുവമ്പാടി: വർധിച്ചു വരുന്ന ഗതാഗത തിരക്കും ഭാവിയിൽ കൂടുതൽ വാഹന പ്രവാഹം ഉണ്ടാകാനിടയുള്ള സാഹചര്യവും പരിഗണിച്ച് തിരുവമ്പാടിയിൽ റിംഗ് റോഡ് മാതൃകയിലെ ബൈപ്പാസ് റോഡിനായുള്ള ആവശ്യം ശക്തമാകുന്നു. അഗസ്ത്യൻമുഴി – കൈതപ്പൊയിൽ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും, നിർമാണം പുരോഗമിക്കുന്ന ആനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത (SH83) വഴി എത്തുന്ന വാഹനങ്ങളും ടൗണിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുമെന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ബൈപ്പാസ് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്.
കോടഞ്ചേരി, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, മുക്കം റോഡുകളെ ബന്ധിപ്പിക്കുന്ന രീതിയിൽ താഴെ തിരുവമ്പാടി ഗവ. ആശുപത്രി – മറിയപ്പുറം – കക്കുണ്ട് – നാല്പതുമേനി – കെ.എസ്.ആർ.ടി.സി ഡിപ്പോ – സിലോംകടവ് വഴി ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിച്ചാൽ ബൈപ്പാസ് യാഥാർഥ്യമാക്കാമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
നിലവിൽ തന്നെ തിരുവമ്പാടി ടൗണിൽ ദിവസേന കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. തുരങ്കപാത യാഥാർഥ്യമായാൽ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ വരവ് വർധിക്കുമെന്നും ഇത് ടൗണിലെ ഗതാഗത പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തിരുവമ്പാടി ബൈപ്പാസ്, അഗസ്ത്യൻമുഴി ട്രാഫിക് ബ്ലോക്കിന് സ്ഥിരപരിഹാരം, ആനക്കാംപൊയിൽ തുരങ്കപാതയോട് അനുബന്ധിച്ച കുന്നമംഗലം നാലുവരി റോഡ് നിർമ്മാണം എന്നിവ പൂർത്തീകരിക്കാനായാൽ മണ്ഡലത്തിന്റെ വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.







