Mukkam

മുക്കം പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചു; പഴയ ബസ് സ്റ്റാൻഡ് ഹൗസ് ഫുൾ

മുക്കം : രണ്ടാംഘട്ട നഗരസൗന്ദര്യ വത്കരണ പ്രവൃത്തിയുടെ ഭാഗമായി മുക്കം പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചതോടെ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിർത്താൻ ഇടമില്ല. നേരത്തെ, യാത്രക്കാരെ കയറ്റാൻ പുതിയ സ്റ്റാൻഡിലേക്ക് പോയിരുന്ന ബസുകൾകൂടി പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് പഴയ സ്റ്റാൻഡ് ഹൗസ് ഫുൾ ആയത്. സ്റ്റാൻഡിലേക്ക് കയറാനാകാതെ ബസുകളുടെ നിര റോഡിലേക്കു നീളുന്നതോടെ ആലിൻ ചുവട് – ബസ് സ്റ്റാൻഡ് റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

മാർക്കറ്റ് – പുതിയ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റ് പ്രവൃത്തിയെത്തുടർന്ന്, ജൂൺ ആറുമുതലാണ് ഈ റോഡ് അടച്ചത്. നേരത്തെ അരീക്കോട്, കൊടിയത്തൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ പുതിയ സ്റ്റാൻഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്നത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ ഒരുമിച്ചിടുന്നത് യാത്രക്കാർക്കും ദുരിതമാണ്. ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസുകൾ തിരഞ്ഞു നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ശക്തമായ മഴപെയ്താൽ ഈ ദുരിതം ഇരട്ടിയാകുമെന്ന് യാത്രക്കാർ പറയുന്നു.

പുതിയ സ്റ്റാൻഡ് റോഡിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേറെയും മൊത്തക്കച്ചവടക്കാരാണ്. വ്യാപാരികളുടെ അഭ്യർഥനയെത്തുടർന്ന് കേവലം നൂറുമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൽ രണ്ട് ഘട്ടങ്ങളിലായാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നത്.
ഒന്നാംഘട്ടത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാലേ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാനാകൂ. അതായത്, ഒരുമാസം കൂടി കഴിഞ്ഞാലേ പുതിയ സ്റ്റാൻഡ് റോഡ് ബസ് ഗതാഗതത്തിന് തുറന്നു കൊടുക്കാനാകൂ.

ബസുകൾ അധികസമയം നിർത്തിയിടുന്ന ഉച്ച സമയങ്ങളിലാണ് ബസ് സ്റ്റാൻഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയം യാത്രക്കാരുമായി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾക്ക് സ്റ്റാൻഡിലെ തിരക്കു കാരണം മുന്നോട്ടെടുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത്, മത്സരയോട്ടത്തിന് കാരണമാകുന്നതായി പരാതിയുണ്ട്.

Related Articles

Leave a Reply

Back to top button