മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് മുൻ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്

തിരുവമ്പാടി : അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ലിന്റോ ജോസഫ്, മലയോര മേഖലയുടെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയാണ് തുരങ്കപാതയെന്ന് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് പദ്ധതിക്ക് ആവശ്യമായ മേൽനോട്ടമോ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകുന്നതോ ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. 225 മില്ലീമീറ്റർ മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകൾ നൽകാത്തതും കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാൻ ആവശ്യമായ ഫോളോ-അപ്പുകൾ നടത്താത്തതുമാണ് ദുരന്തത്തിന് കാരണമായതെന്നും ലിന്റോ ജോസഫ് ആരോപിച്ചു.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.







