Mukkam

കുരുക്കഴിയാതെ മണാശ്ശേരി; വലഞ്ഞ് യാത്രികർ

മുക്കം: മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലേ…? നഗരസഭാധികൃതർ ഇടപെട്ട് ബസ് സ്റ്റോപ്പുകളുടെ സ്ഥാനം പുന:ക്രമീച്ചെങ്കിലും കുരുക്കഴിയുന്നില്ല.വാരാദ്യ ദിനങ്ങളിൽ സവിശേഷമായി ഇവിടെ വാഹനങ്ങളുടെ തിരക്ക് വർധിക്കുകയും ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്നു. വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും കാണാം.മണാശ്ശേരി അങ്ങാടിക്ക് തൊട്ടരികിലുളള സ്വകാര്യ മെഡിക്കൽ കോളേജിലേക്കെത്തുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോവാൻ പറ്റാത്ത വിധത്തിൽ ചില സമയങ്ങളിൽ ഗതാഗത തടസമുണ്ടാവുന്നുണ്ട്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവരുമെല്ലാം ഇവിടെ കുരുക്കിൽപ്പെടുന്നത് സാധാരണമാണ്. മുക്കം – കോഴിക്കോട് റോഡിലെ മണാശ്ശേരി അങ്ങാടിയിലാണ് കൂളിമാട്- ചേന്ദമംഗല്ലൂർ പ്രദേശത്തേക്കും മുത്താലം- അമ്പലക്കണ്ടി ഭാഗത്തേക്കുമുള്ള റോഡുകൾ സംഗമിക്കുന്നത്. ശരിയായ ട്രാഫിക് സംവിധാനമോ, പോലീസ് സാന്നിധ്യമോ ഇല്ലാത്തതിനാൽ നാലുഭാഗത്ത് നിന്നും ഒരേ സമയം വാഹനങ്ങളെത്തിച്ചേരുന്നതാണ് പലപ്പോഴും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്. ചില സമയങ്ങളിൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്ന സ്ഥിതിവിശേഷവുമുണ്ട്.

സന്നദ്ധപ്രവർത്തകരോ നാട്ടുകാരോ രംഗത്തിറങ്ങിയാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്.ഇത് ചില സമയങ്ങളിൽ വാക്കേറ്റത്തിനിടയാക്കുന്നു.രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രധാനമായും പ്രയാസമനുഭവപ്പെടുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ തിരക്ക് മൂലം പലപ്പോഴും കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാതെ യാത്രക്കാർ വലയുന്നു. മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് സർവീസുകളും ചില നേരങ്ങളിൽ കുരുക്കിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button