പാരമ്പര്യ പ്രൗഢി വിളിച്ചോതി അൽഫോൻസ കോളേജ്

തിരുവമ്പാടി: അൽഫോൻസ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് അൽഫോൻസ കോളേജിൽ സംഘടിപ്പിച്ച ‘അച്ചായൻ–അച്ചായത്തി’ മത്സരവും പാരമ്പര്യ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി. പാരമ്പര്യ വേഷവിധാനങ്ങളും നാടൻ രുചികളും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഒത്തുചേർന്ന പരിപാടി ക്യാമ്പസിന് വേറിട്ട ഉത്സവാന്തരീക്ഷം പകർന്നു.
ഫുഡ് ഫെസ്റ്റ് കോളേജിലെ പൂർവവിദ്യാർഥിയും മാനുവൽസൺസ് മലബാർ പാലസ്, കോഴിക്കോട് സീനിയർ കമ്മിസ് പാറ്റിസിയറുമായ സ്നേഹാ സുനിൽ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയായ സ്നേഹയുടെ സാന്നിധ്യം കോളേജും പൂർവവിദ്യാർഥികളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് മാറ്റേകി.ഔദ്യോഗിക സമാപന സമ്മേളനം കോളേജ് മുൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ആന്റണി കാരിക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., ജെറിൻ കെ.എസ്. എന്നിവർ സംസാരിച്ചു.
അൽഫോൻസ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പാരമ്പര്യ വേഷങ്ങളുടെ മനോഹാരിതയും നാടൻ വിഭവങ്ങളുടെ വൈവിധ്യവും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും സമന്വയിച്ച പരിപാടിക്ക് അധ്യാപകരായ ലിന്റ ജോസ്, ദീപ ഡോമിനിക്, കോളേജ് യൂണിയൻ, ജീസസ് യൂത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.







