നാടിന്റെ വീരപുത്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മുക്കം: ഭോപ്പാലിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ച കാരമൂല സ്വദേശി യുവ ജവാൻ മിദ്‌ലാജിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
മിദ്‌ലാജിന്റെ ഭൗതിക ശരീരം വിമാനമാർഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ശേഷം പ്രത്യേക ആംബുലൻസിൽ ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. സൈനിക അകമ്പടിയോടെ ഭൗതികശരീരം വഹിച്ച ആംബുലൻസും അനുബന്ധ വാഹനങ്ങളും നെല്ലിക്കാപറമ്പിലെത്തിയപ്പോൾ ജന പ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.തുടർന്ന് വിലാപ യാത്രയായി മൃതദേഹം കാരമൂലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സന്നദ്ധ സേനാംഗങ്ങളും നിരവധി നാട്ടുകാരും ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി വിലാപയാത്രയെ അനുഗമിച്ചു. വഴിനീളെ കാത്തുനിന്ന നിരവധി പേരാണ് സൈനികന് അന്ത്യോപചാരം അർപ്പിച്ചത്.
മൃതശരീരം വീട്ടിലെത്തിച്ചതോടെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് എത്തിയത്. സൈനിക ഉദ്യോഗസ്ഥരും പൊലീസും ജന പ്രതിനിധികളും നാട്ടുകാരുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ദേശീയപതാകയിൽ പൊതിഞ്ഞ ഭൗതികശരീരത്തിന് സൈനികരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണറും ഔദ്യോഗിക ബഹുമതികളും നൽകി. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിനൊപ്പം നാടും മിദ്‌ലാജിന് കണ്ണീരോടെ വിടചൊല്ലി. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.







