പീടികപ്പാറ ജീപ്പ് അപകടം: കൂടുതൽ ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ

തിരുവമ്പാടി: പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ. ഇന്നലെ രാത്രി 7.15-ഓടെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് വരികയായിരുന്ന ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് ഉഗ്രശബ്ദത്തോടെ മറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
അപകടം നടന്നതിന് പിന്നാലെ സമീപത്തെ പീടികപ്പാറ അങ്ങാടിയിലുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. വാഹനത്തിനടിയിൽ കുടുങ്ങിയവരെയും സമീപത്ത് തെറിച്ചുവീണു കിടന്നവരെയും കണ്ട് പതറാതെ നടത്തിയ ഇടപെടലാണ് രക്ഷാപ്രവർത്തനത്തിന് നിർണായകമായത്. നാട്ടുകാർ കൂട്ടായ പരിശ്രമത്തിലൂടെ ജീപ്പ് ഉയർത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു.
അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ റോഡിലെത്തിക്കുന്നതിന് ആദ്യഘട്ടത്തിൽ വെളിച്ചക്കുറവ് വലിയ തടസ്സമായി. ഇതിന് പരിഹാരമായി സ്ഥലത്തെത്തിയവർ നിരയായി നിന്ന് മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് വെളിച്ചമൊരുക്കി. തുടർന്ന് സ്ട്രെച്ചറുകളുടെ സഹായത്തോടെ പരിക്കേറ്റവരെ റോഡിലേക്ക് എത്തിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ ലഭ്യമായ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാമെന്ന തീരുമാനം ഉപേക്ഷിച്ച് എല്ലാവരെയും ആംബുലൻസുകളിൽ തന്നെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രദ്ധിച്ചു. രക്ഷാപ്രവർത്തനത്തിലെ ഈ ജാഗ്രതയും ഏകോപനവും മരണസംഖ്യ ഉയരാതിരിക്കാൻ സഹായകമായി.
അപകടവിവരമറിഞ്ഞ് കിലോമീറ്ററുകൾ താണ്ടി എട്ടോളം ആംബുലൻസുകളാണ് അതിവേഗം സ്ഥലത്തെത്തിയത്. പരിക്കേറ്റവരെ സമീപത്തെ ഒരേ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും ആംബുലൻസുകളിൽ ആവശ്യമായ സഹായികളെ ഉറപ്പാക്കുന്നതിനും നാട്ടുകാർ കൂട്ടായി പ്രവർത്തിച്ചു. അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ സുരക്ഷിതമായി റോഡിലെത്തിക്കുന്നതു മുതൽ ആശുപത്രിയിലെത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ നാടൊന്നാകെ കൈകോർത്തു.
കൂമ്പാറ, കൂടരഞ്ഞി, കൽപ്പൂർ, കാരമൂല, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പരിക്കേറ്റവരുമായി എത്തിയ ആംബുലൻസുകൾക്ക് സുഗമമായി വഴിയൊരുക്കുന്നതിന് നേതൃത്വം നൽകിയവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ സഹായവുമായി എത്തിയ സന്നദ്ധപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പോലീസും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാവരുടെയും ഇടപെടൽ അഭിനന്ദനാർഹമാണ്.
അപകടത്തിന്റെ നടുക്കം മാറുംമുമ്പ് സ്വന്തം സുരക്ഷപോലും മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ പീടികപ്പാറയിലെ നാട്ടുകാരുടെ കൂട്ടായ്മയും മനുഷ്യസ്നേഹവും ദുരന്തമുഖത്ത് മാതൃകയായി. സമയോചിതമായ ഇടപെടലും കൃത്യമായ ഏകോപനവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ രക്ഷാപ്രവർത്തനം ഒരിക്കൽക്കൂടി തെളിയിച്ചു.







