രക്തദാനത്തിൻ്റെ മറവിലും തട്ടിപ്പ്; മുക്കത്ത് വിദ്യാര്‍ഥികള്‍ എന്ന വ്യാജേന പണം തട്ടുന്നതായി പരാതി

മുക്കം: രക്തദാനത്തിൻ്റെ മറവില്‍ പണം തട്ടുന്നതായി പരാതി. സമൂഹമാധ്യമങ്ങളില്‍ രക്തം അവശ്യപ്പെട്ട് നല്കുന്ന നമ്പറുകളില്‍ വിളിച്ചാണ് തട്ടിപ്പ് നടക്കുന്നത്.കോളേജ് വിദ്യാർഥികള്‍ എന്ന വ്യാജേന 1500 മുതല്‍ 3000 വരെയാണ് ആളുകളില്‍ നിന്ന് തട്ടിയെടുക്കുന്നത്.
മുക്കം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. മഞ്ചേരി സ്വദേശിക്ക് വേണ്ടി രക്തം ആവശ്യപ്പെട്ട് കൊണ്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തുടർന്ന് മുക്കത്തുള്ള ഒരു സന്നദ്ധ സംഘടന, രക്തദാനത്തിന് തയ്യാറായി മുന്നോട്ട് വന്നു. തുടർന്ന് ആശുപത്രിയിലേക്ക് എത്താൻ ആവശ്യമായ തുക അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഗ്രൂപ്പ് അനുസരിച്ച് തുകയില്‍ മാറ്റം ഉണ്ടാകുമെന്ന കാര്യവും അവർ പ്രത്യേകം എടുത്തു പറഞ്ഞു.
തുക അയച്ചു നല്‍കിയതിന് പിന്നാലെ അവരുമായി ബന്ധപ്പെടാൻ പറ്റുന്നില്ല. എൻഐടി ക്യാംപസിലെ വിദ്യാർഥികളാണെന്ന് പറഞ്ഞാണ് ആദ്യം കമ്മ്യൂണിക്കേറ്റ് ചെയ്തെന്നും, പിന്നീട് നമ്പറുകളെല്ലാം ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായതെന്നും പരാതിക്കാർ പറഞ്ഞു.







