Thiruvambady

തിരുവമ്പാടിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: അലയൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സംയുക്തമായി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ നടന്ന ക്യാമ്പിൽ 250-ഓളം പേർ പങ്കെടുത്തു.മുക്കം ധർമ്മഗിരി സെന്റ് ജോസഫ് ആശുപത്രിയിലെ ഓർത്തോപീഡിക്സ്, പൾമണോളജി, ജനറൽ സർജറി, ദന്തരോഗ വിഭാഗം, ഡയറ്റീഷ്യൻ, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെയും മുക്കം ആൽഫ സ്പീച്ച് ആൻഡ് ഹിയറിംഗിലെ ഓഡിയോളജി വിഭാഗത്തിലെയും കോഴിക്കോട് ഡോ. ചന്ദ്രകാന്ത് നേത്രാലയത്തിലെയും പ്രമുഖ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. സൗജന്യ പരിശോധനയ്ക്കും മരുന്നുകൾക്കും പുറമെ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.

തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സാവിയോ മലമ്പേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഷാജി കണ്ടത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർ മറിയാമ്മ ബാബു, റോബർട്ട് നെല്ലിക്കതെരുവിൽ, അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ എം.ജെ, ഓയിസ്ക പ്രസിഡന്റ് അനീഷ് ജോസ്, അലയൻസ് സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ കെ.ടി. സെബാസ്റ്റ്യൻ, സെന്റ് ജോസഫ് ആശുപത്രിയിലെ സിസ്റ്റർ മേബിൾ എം.എസ്.ജെ എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button