Koodaranji

കോഴിക്കോട് നഗരമേഖലകൾക്ക് സമഗ്ര ഖരമാലിന്യ പരിപാലന പദ്ധതി

കൂടരഞ്ഞി : ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരപ്രദേശങ്ങൾക്കായി സമഗ്ര കർമ്മപദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷനിലെയും ഏഴ് നഗരസഭകളിലെയും 349 കൗൺസിലർമാർക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു.

കക്കാടംപൊയിൽ ഗോൾഡൻ റോക്ക്സ് റിസോർട്ടിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.

മാലിന്യം ഉറവിടത്തിൽ നാലായി വേർതിരിക്കൽ, വൻകിട മാലിന്യ ഉൽപ്പാദകർക്ക് നിയന്ത്രണം, സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, മാലിന്യം വലിച്ചെറിയുന്നതും അശാസ്ത്രീയ സംസ്കരണവും തടയൽ, സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണം ശക്തമാക്കൽ തുടങ്ങിയവയാണ് കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

കൗൺസിലർമാർ വാർഡുതല വിവരശേഖരണം നടത്തി നഗരസഭാതലത്തിൽ കർമ്മപദ്ധതിയും ഉപനിയമങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. നാല് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ സംയുക്ത ഡയറക്ടർ എൻ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ കല്ലട മുഹമ്മദ് അലി, പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ, കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ നഫീന ഷമീർ എന്നിവർ കരട് കർമ്മപദ്ധതി പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു. ശുചിത്വ ദൗത്യത്തിന്റെ പദ്ധതി ഓഫീസർ ജ്യോതിഷ് വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

Related Articles

Leave a Reply

Back to top button