Thiruvambady

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ എട്ടുവയസ്സുകാരന്റെ മരണം; തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

തിരുവമ്പാടി: തിരുവമ്പാടിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലും കോടതി നിർദേശത്തെ തുടർന്നുമാണ് കേസെടുത്തത്. അശ്രദ്ധമൂലമുള്ള മരണം എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മേയ് 15-നാണ് വയറുവേദനയെ തുടർന്ന് കുട്ടിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയിൽ മാറ്റമുണ്ടാകാതിരുന്നിട്ടും ആവശ്യമായ പരിശോധനകളും കൃത്യമായ ചികിത്സയും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി മരിക്കുകയായിരുന്നു.

ആദ്യം വയറുവേദന മാത്രമായാണ് മകനെ ആശുപത്രിയിൽ കാണിച്ചതെന്ന് മാതാവ് പറഞ്ഞു. പ്രാഥമികമായി മരുന്ന് നൽകി വീട്ടിലേക്ക് വിട്ടു. വേദന കുറയാതിരുന്നതിനെ തുടർന്നാണ് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അഡ്മിറ്റ് ചെയ്ത ശേഷവും ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നും ഇതുമൂലം രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായില്ലെന്നും മാതാവ് ആരോപിച്ചു.

വയറുമായി ബന്ധപ്പെട്ട സ്കാൻ നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മഞ്ഞപ്പിത്തവും കരൾവീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പറഞ്ഞ് അത് നിസ്സാരമായി കാണുകയും അടുത്ത ദിവസം പരിശോധന നടത്താമെന്ന് അറിയിച്ച് ഒഴിവാക്കുകയുമായിരുന്നു. പിന്നീട് കുഴപ്പമൊന്നുമില്ലെന്നും സുഖപ്പെടുമെന്നും പറഞ്ഞ് മേയ് 25-ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തതായും മാതാവ് വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കുട്ടി എപ്പോഴും ഒരേ കിടപ്പിലായിരുന്നുവെന്നും ചർമ്മത്തിന് മഞ്ഞനിറം ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. ഡോക്ടറുടെ ശ്രദ്ധക്കുറവും ചികിത്സയിലെ വീഴ്ചയുമാണ് മകന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.തങ്ങൾക്ക് നേരിട്ട ദുരനുഭവം ഇനി മറ്റൊരു അമ്മയ്ക്കും ഉണ്ടാകരുതെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കാമായിരുന്നുവെന്നും മാതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button