Thiruvambady

ഇരുവഞ്ഞിപ്പുഴയുടെ ഗതിമാറ്റം: മണ്ണ് നീക്കൽ തുടരുന്നു

തിരുവമ്പാടി∙ ഇരുവഞ്ഞിപ്പുഴ പുല്ലൂരാംപാറ ഇലന്തുകടവിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഗതിമാറി ഒഴുകി തുരുത്തേൽ ഭാഗത്തുള്ള 40 വീടുകൾ അപകടത്തിൽ ആയതിനെ തുടർന്ന് പുഴയുടെ ഈ ഭാഗത്തെ കല്ലും മണലും നീക്കം ചെയ്യുന്ന പ്രവ‍ൃത്തി പുരോഗമിക്കുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിക്കു വേണ്ടി ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് പ്രവ‍ൃത്തി ഏറ്റെടുത്തത്. തുരുത്തേൽ ഭാഗത്തേക്കുള്ള  സംരക്ഷണ ഭിത്തി കെട്ടണം എന്ന ആവശ്യം ഇത് വരെയും പ്രാവർത്തികമായിട്ടില്ല. ഫണ്ട് അനുവദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും രണ്ട് വർഷമായിട്ടും നടപടി ആയില്ല. 

ഇലന്തുകടവിൽ പുതിയ പാലം വന്നതോടെ പഴയ ഇരുമ്പ് പാലം പൊളിച്ച് നീക്കാനുള്ള പ്രവ‍ൃത്തി ആരംഭിച്ചു. ഈ പാലത്തിൽ പ്രളയ കാലത്ത് കല്ലും മരങ്ങളും വന്ന് അടിഞ്ഞതും പുഴ ഗതി മാറുന്നതിന് കാരണമായിരുന്നു. ഊരാളുങ്കൽ സൊസൈറ്റി ആണ് പാലം പൊളിക്കൽ പ്രവ‍ൃത്തിയും ഏറ്റെടുത്തത്. ഇലന്തുകടവിനു താഴെ വളഞ്ഞപാറയിൽ പ്രളയത്തിൽ പുഴ രണ്ടായി തിരിഞ്ഞ് ഒഴുകിയത് തുരുത്തേൽ താഴ്ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറി അപകടം ഉണ്ടാകുന്നതിനു കാരണമായി. 

ഈ ഭാഗത്തെ മണലും കല്ലും നീക്കം ചെയ്യാനുള്ള നടപടി ആയിട്ടില്ല. മുകൾഭാഗത്തെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതോടെ പുഴ താഴ്ഭാഗത്തേക്ക് ശക്തമായി ഒഴുകാൻ സാധ്യത ഉണ്ട്. ഇതു തുരുത്തേൽ താഴ്ഭാഗത്തുള്ള വീടുകൾക്ക് ഭീഷണിയാകും. ഇതിന് പരിഹാരം ഉണ്ടാക്കുവാൻ വളഞ്ഞപാറ ഭാഗത്തെ പുഴയുടെ ഗതിമാറ്റം  നിയന്ത്രിക്കുവാൻ നടപടി ഉണ്ടാകണം.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/14/kozhikode-tiruvambadi-river-direction-changed.html

Related Articles

Leave a Reply

Back to top button