Mukkam

സംസ്ഥാനപാതനവീകരണം; തടസ്സമായിരുന്ന വൈദ്യുതത്തൂണുകൾ നീക്കം ചെയ്തു


മുക്കം
 : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതനവീകരണത്തിന് തടസ്സമായി റോഡരികിൽ കൂട്ടിയിട്ട ഉപയോഗശൂന്യമായ വൈദ്യുതത്തൂണുകൾ മാറ്റി. നോർത്ത് കാരശ്ശേരിക്കും ഓടത്തെരുവിനുമിടയിൽ മാടാംപുറത്തിന് സമീപമാണ് 20 വർഷംമുൻപ് മുതലുള്ള ഉപയോഗശൂന്യമായ പോസ്റ്റുകൾ കൂട്ടിയിട്ടിരുന്നത്.

റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിന് ഈ തൂണുകൾ തടസ്സമായതോടെ കരാർകമ്പനി കെ.എസ്.ഇ.ബി അധികൃതരോട് ഒട്ടേറെത്തവണ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ സമ്മതത്തോടെ കരാർകമ്പനിതന്നെ ഇവ എടുത്തുമാറ്റിയത്. നാല്പതോളം തൂണുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇതോടെ ഈ ഭാഗത്തെ അഴുക്കുചാൽനിർമാണം സുഗമമാവുമെന്നാണ് പ്രതീക്ഷ. അതേസമയം, റോഡുനവീകരണത്തിന് പ്രധാന തടസ്സമായ വൈദ്യുതത്തൂണുകൾ മുഴുവനായും മാറ്റാൻ ഇനിയും നടപടിയില്ലാത്തത് പ്രതിസന്ധിയാണ്. വൈദ്യുതിവിതരണം നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകൾ റോഡ് വീതികൂടിയതോടെ പല സ്ഥലങ്ങളിലും റോഡിന്റെ തൊട്ടരികിലാണ്. ഇത് വലിയ അപകടസാധ്യതയാണെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button