കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

മുക്കം: കഴിഞ്ഞ ദിവസം മുക്കം പൊറ്റശ്ശേരിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി അത്യാസന്ന നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. മുക്കം മുത്താലം സ്വദേശിയും ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ആബിദാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് പൊറ്റശ്ശേരിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആബിദ്. കുളിക്കുന്നതിനിടെ ആബിദിനെ വെള്ളത്തിൽ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആബിദിനെ കണ്ടെത്തുകയും ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ആബിദിന്റെ മരണം മുത്താലം ഗ്രാമത്തിലും ചേന്നമംഗലൂർ സ്കൂളിലും വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.