കൂടരഞ്ഞി പഞ്ചായത്ത് മാലിന്യസംഭരണകേന്ദ്രം, പൊതുശ്മശാനം; ഭൂമിയിടപാടിൽ ക്രമക്കേടെന്ന് പരാതി

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിനും മാലിന്യസംഭരണകേന്ദ്രത്തിനുമായി ഒൻപതാംവാർഡിലെ കൂമ്പാറ ആനയോട്ടിൽ ഒരേക്കർഭൂമി വാങ്ങിയതിൽ സാമ്പത്തികക്രമക്കേടുനടന്നതായ പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ മേരി തങ്കച്ചൻ ഇടമനശ്ശേരിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർഭൂമി അവർതന്നെ വിലയുറപ്പിച്ച് പഞ്ചായത്തിന്റെപേരിൽ വാങ്ങിക്കുകയാണ് ചെയ്തതെന്ന പരാതിയിലാണ് കോഴിക്കോട് വിജിലൻസ് വിഭാഗം നിർദിഷ്ടസ്ഥലത്തും പഞ്ചായത്ത് ഓഫീസിലുമെത്തി സന്ദർശിച്ച് ആന്വേഷണം തുടങ്ങിയിരിക്കുന്നത്.
റവന്യുവകുപ്പ് നിശ്ചയിച്ച വിലയേക്കാൾ 30 ശതമാനം വില കൂട്ടിനൽകാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചെന്നാണ് ആക്ഷേപം. ഒരേക്കറിൽ 36 സെന്റ് സ്ഥലം ചെരിഞ്ഞപാറയാണെന്നും കെട്ടിടനിർമാണയോഗ്യമല്ലെന്നുമുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ട് ഭരണസമിതി പരിഗണിച്ചതേയില്ലെന്നും പരിസരവാസിയായ തടത്തിൽ പുത്തൻപുരയിൽ ടി.സി. സെബാസ്റ്റ്യൻ പരാതിയിൽ പറയുന്നുണ്ട്.
നൂറുകണക്കിന് കുടുംബങ്ങൾ ഇടതിങ്ങി അധിവസിക്കുന്ന പ്രദേശത്താണ് നിർധിഷ്ട മാലിന്യസംഭരണകേന്ദ്രവും ശ്മശാനവുംവരുന്നതെന്ന പരാതി പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. പുഷ്പഗിരി സ്കൂൾ, അങ്കണവാടി, ചർച്ച്, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്നത് സമീപത്താണ്. ജനവാസമേഖലയിൽ മാലിന്യകേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ സജീവമായി രംഗത്തുണ്ട്. ഏപ്രിലിൽ ബഹുജനക്കൂട്ടായ്മ ചേർന്നിരുന്നു. തങ്ങളുടെ എതിർപ്പിന് ഒരുവിലയും കല്പിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.വിജിലൻസ് അന്വേഷണം തുടങ്ങി
:ആനയോട് പൊതുശ്മശാനം തുടങ്ങാൻ അലോചനപോലുമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ മേരി തങ്കച്ചൻ അറിയിച്ചു. ഹരിതകർമസേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കാനുള്ള എം.സി.എഫ്. മാത്രമാണ് തുടങ്ങുന്നതെന്നും നിയമാനുസൃതമായാണ് ഭൂമിയുടെ വില നിശ്ചയിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. അതേസമയം, എം.സി.എഫിനുപുറമേ പൊതുശ്മശാനത്തിനുകൂടിയാണ് ഭൂമിവാങ്ങിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ പ്രതികരിച്ചു. 36 സെന്റ് സ്ഥലം ചെരിഞ്ഞ പാറയാണെന്നും കെട്ടിടനിർമാണയോഗ്യമല്ലെന്നുമുള്ള അസി. എൻജിനിയറുടെ റിപ്പോർട്ടിനോടും പരസ്പരവിരുദ്ധമായാണ് ഇരുവരും പ്രതികരിച്ചത്. റിപ്പോർട്ട് ശരിയാണെന്ന് സെക്രട്ടറി പറഞ്ഞു.







