മുക്കം നഗരസഭ കൗൺസിൽ യോഗം; കൗൺസിലർമാർ തമ്മിൽ കൈയാങ്കളി

മുക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കൈയാങ്കളി. 2022- 23 വർഷത്തെ പദ്ധതി രേഖ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും രേഖ നൽകാത്തതിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ച് ബഹളം വെച്ചു. നഗരസഭ കൗൺസിൽ അംഗീകരിക്കുന്നതിന് മുമ്പ് ജില്ലാ പ്ലാനിങ് കമ്മിറ്റിയിലേക്ക് പദ്ധതി രേഖ സമർപ്പിച്ചതിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി ഡയസിൽ കയറിയതോടെയാണ് ചെറിയ തോതിൽ സംഘർഷമുണ്ടായത്.
എന്നാൽ ഡിപിസിയിലേക്ക് പദ്ധതി സമർപ്പിച്ചുവെന്ന് ഭരണസമിതി പറഞ്ഞ പദ്ധതിയുടെ രേഖയാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും പദ്ധതി രേഖ നൽകാതെ യോഗം മുന്നോട്ടു കൊണ്ടുപോകാനുള്ള ഭരണസമിതിയുടെ ശ്രമമാണ് ബഹളത്തിന് കാരണമായതെന്നും യുഡിഎഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ പറഞ്ഞു. സ്ഥിരം സമിതികൾ പോലും ചേരാതെയാണ് ഡിപിസിയിൽ പദ്ധതി രേഖ സമർപ്പിച്ചതെന്നും സ്ഥിരം സമിതികളെ നോക്കുകുത്തിയാക്കുകയാണ് നഗരസഭ ഭരിക്കുന്നവരെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചവെന്നും മരം മുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു







