Kerala

തുടങ്ങാം, സ്വന്തമായി ഒരു പോസ്റ്റോഫീസ്

പത്തനംതിട്ട: തപാൽ ഓഫീസ് അരികിലില്ലെന്ന് കരുതി വിഷമിക്കേണ്ട, പരാതിയുമായി നടക്കുകയും വേണ്ട. പോസ്റ്റ് ഓഫീസ്‌ സ്വന്തമായി തുടങ്ങാൻ ഭാരതീയ തപാൽ വകുപ്പ് അനുമതി നൽകിത്തുടങ്ങി. പോസ്റ്റൽ ഏജന്റാകാനും അവസരമുണ്ട്.

കൗണ്ടർവഴിയുള്ള ഇടപാടുകൾ മാത്രം

ലോകത്തെ ഏറ്റവും വലിയ തപാൽ ശൃംഖലയാണ് ഇന്ത്യയിലേത്. 1.55 ലക്ഷം പോസ്റ്റോഫീസുകളുമുണ്ട്. ഇതിൽ 89 ശതമാനവും ഗ്രാമീണ മേഖലയിലാണ്. എന്നാൽ, തപാൽ ഉരുപ്പടികളെത്താത്ത സ്ഥലങ്ങൾ ഇനിയും അവശേഷിക്കുന്നു. എല്ലായിടത്തും നേരിട്ട് ഓഫീസ് തുടങ്ങുക പ്രയോഗികവുമല്ല. അതിനാലാണ് ഫ്രാഞ്ചൈസി ഓഫീസുകൾക്ക് അനുമതി നൽകുന്നത്. തപാൽ ഉരുപ്പടികൾ എത്തിക്കലും വിതരണവും വകുപ്പ് നേരിട്ട് നിർവഹിക്കും. കൗണ്ടർവഴിയുള്ള ഇടപാടുകൾ മാത്രം സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാനാണ് പദ്ധതി.

ആർക്കൊക്കെ അപേക്ഷിക്കാം

ഏത് സ്ഥലത്താണോ ഓഫീസ് തുടങ്ങേണ്ടത് അവിടെ സ്ഥിരതാമസക്കാരായ വ്യക്തികൾക്കോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം.
https://www.indiapost.gov.in/VAS/Pages/Content/Franchise-Scheme.aspx വെബ് സൈറ്റിൽ ലഭിക്കുന്ന

നിശ്ചിത മാതൃകയിലുള്ള അപേക്ഷ തപാൽ ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. പതിനെട്ട് വയസ്സ്‌ തികഞ്ഞ എട്ടാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. നിർദിഷ്ട സ്ഥലത്ത് തപാൽ വകുപ്പിന് നേരിട്ട് സേവനം നൽകാനാവില്ലെങ്കിൽ മാത്രമേ ഫ്രാഞ്ചൈസി അനുവദിക്കൂ.

നിബന്ധനകൾ

സ്വന്തമായോ വാടകയ്ക്കോ മുറി വേണം. നിലവിൽ വാണിജ്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക് അതിന്റെ ഭാഗമായും തുടങ്ങാം. കുറഞ്ഞത് 5000 രൂപ സെക്യൂരിറ്റി തുകയായി അടക്കണം. ഇടപാടുകളുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ഈ നിക്ഷേപവും കൂട്ടണം. തപാൽ വകുപ്പിന്റെ മാന്യതയും ഉത്തരവാദിത്വവും ഇടപാടുകളിൽ പുലർത്തുമെന്നതുൾപ്പെടെയുള്ള നിബന്ധനകളും ഇടപാട് നിരക്കുകളും അംഗീകരിച്ച് കരാറിൽ ഒപ്പ് വയ്ക്കേണ്ടതുമുണ്ട്. തപാൽ വകുപ്പിന് ബാധകമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇവർക്കും ബാധകമാണ്.

ഇടപാടുകൾ എന്തൊക്കെ

സ്റ്റാമ്പ് അടക്കമുള്ളവ ഇത്തരം സ്വകാര്യ പോസ്റ്റ് ഓഫീസിൽ വിൽക്കാം. രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ്, മണിയോർഡർ എന്നിവ സ്വീകരിക്കാം. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാം. പ്രീമിയം വാങ്ങാം. ബിൽ, ടാക്സ്, ഫൈനുകൾ തുടങ്ങിയവയും കൈപ്പറ്റാം. ഇ-ഗവേണൻസ് അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തപാൽ വകുപ്പിന്റെ മറ്റ് പുതിയ പദ്ധതികൾ നടപ്പാക്കുകയുമാവാം.

വരുമാനമിങ്ങനെ

രജിസ്റ്റേർഡ് ഉരുപ്പടികൾക്ക് മൂന്നും സ്പീഡ് പോസ്റ്റിന് അഞ്ചും രൂപ വീതം കമ്മീഷൻ കിട്ടും. പോസ്റ്റൽ സ്റ്റാമ്പുകൾക്ക് വിലയുടെ അഞ്ച് ശതമാനം ലഭിക്കും. 200 രൂപ വരെയുള്ള മണിഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് അഞ്ചുരൂപയും നേടാം. സ്റ്റാമ്പുകൾ വിൽക്കാൻ മാത്രം അധികാരമുള്ള ഏജന്റിനും അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും.

സ്വകാര്യവത്കരണ നീക്കം?

പദ്ധതി പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും കേരളത്തിൽ കാര്യമായ പുരോഗതിയില്ല. തപാൽ വകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കമെന്ന് ജീവനക്കാരുടെ ചില സംഘടനകൾ ആരോപിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി വേണ്ടിവരുമെന്നും 5063 ഓഫീസുകളുള്ള കേരളത്തിൽ ആവശ്യമില്ലെന്നും ഇവർ പറയുന്നു

Related Articles

Leave a Reply

Back to top button