India

ഷഹീൻ ബാഗിൽ വെടിയുതിർത്തത് ആം ആദ്മി പാർട്ടി അംഗമെന്ന് പോലീസ്; നിഷേധിച്ച് ആം ആദ്മി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിർത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാർട്ടി അംഗമെന്ന് ഡൽഹി പോലീസ്. 2019 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ താനും അച്ഛനും ആം ആദ്മി പാർട്ടിയിൽ ചേർന്നുവെന്ന് കപിൽ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ, ഇക്കാര്യം ആം ആദ്മി പാർട്ടി നിഷേധിച്ചിട്ടുണ്ട്.

കപിൽ ഗുജ്ജർ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീൻബാഗിൽ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് പിടിയിലായത്. പോലീസ് ബാരിക്കേഡുകൾക്ക് സമീപമായിരുന്നു സംഭവം. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാൾ വെടിയുതിർത്തത്.

അതേസമയം, കപിലും അച്ഛനും കഴിഞ്ഞവർഷം ആം ആദ്മി പാർട്ടിയിൽ ചേർന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകൾ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണിൽനിന്ന് ലഭിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ വ്യക്തമാക്കിയത്. എന്നാൽ, കപിൽ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഷഹീൻബാഗിലെ പ്രതിഷേധക്കാരിൽനിന്ന് ഏകദേശം 250 മീറ്റർ അകലെ നിന്നാണ് സംഭവ ദിവസം കപിൽ രണ്ട്മൂന്നുവട്ടം വെടിയുതിർത്തത്.

Related Articles

Leave a Reply

Back to top button