പുതുപ്പാടിയിൽ കിച്ചൺ ബിൻ വിതരണം ചെയ്തു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കിച്ചൺ ബിൻ പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് എക്സൻഷൻ ഓഫീസർ ഫിലോമിന പദ്ധതി വിശദീകരിച്ചു.
അടുക്കളകളിലുണ്ടാവുന്ന ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണ സാധനങ്ങളുടെ പാഴ്വസ്തുക്കളും ബൊകാഷി ബക്കറ്റ് എന്ന ബിന്നിൽ നിക്ഷേപിച്ച് ഭദ്രമായി അടച്ച് വെക്കുകയും ബിൻ നിറഞ്ഞ് കഴിഞ്ഞാൽ 15 ദിവസത്തേക്ക് അടപ്പ് തുറക്കാതെ മാറ്റിവെച്ച് ശേഷം അതിൽ രൂപപ്പെടുന്ന ദ്രാവകം ബിന്നിൽ ഫിറ്റ് ചെയ്ത പൈപ്പ് വഴി പുറത്തേക്ക് എടുക്കുകയും ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രസ്തുത ദ്രാവകം വെള്ളവുമായി ചേർത്ത് ചെടികൾക്കും പച്ചക്കറികൾക്കും ഒഴിക്കുവാനും ദ്രാവകം മുഴുവനായി എടുത്ത ശേഷം ഉള്ളിലുള്ള വേസ്റ്റുകൾ ജൈവവളമായി ഉപയോഗിക്കാനും സാധിക്കും. 2750 രൂപ വിലയുള്ള ബിന്നുകൾക്ക് 10% ഗുണഭോക്തൃവിഹിതം വാങ്ങി രണ്ട് ബിന്നുകൾ വീതമാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.







