Mukkam

വെന്റ് പൈപ്പ് പാലം പൊളിക്കൽ: സ്ഥലപരിശോധന നടത്തി

മുക്കം∙ ഒരു മാസത്തിനകം പൊളിച്ചുമാറ്റാൻ കലക്ടർ സാംബശിവറാവു ഉത്തരവിട്ട മുക്കംകടവിലെ വെന്റ് പൈപ്പ് പാലം എൽഎസ്ജിഡി സൂപ്രണ്ടിങ് എൻജിനീയർ കെ.ജി.സന്ദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും സന്ദർശിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അധികൃതരും സംഘത്തിലുണ്ടായിരുന്നു.

കാലവർഷത്തിന് മുൻപ് യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റാനാണ് നീക്കം. അതിനാൽ ടെൻഡർ നടപടികൾ ഒഴിവാക്കിയായിരിക്കും കരാർ നൽകുക. ദുരന്ത നിവാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി അക്രഡിറ്റഡ് ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് പ്രവൃത്തി നൽകിയേക്കും. പാലത്തിൽ പരിശോധന നടത്തിയ വിദഗ്ധ സംഘം ഇന്നു കലക്ടർക്ക് റിപ്പോർട്ടും എസ്റ്റിമേറ്റും സമർപ്പിക്കുമെന്നും സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു.

500 ഘനമീറ്റർ കോൺക്രീറ്റ് പൊളിച്ചുമാറ്റാനുണ്ടാവും. ഇരുവഞ്ഞിപ്പുഴയിലും ചെറിയ പുഴയിലുമായി 18 കൂറ്റൻ പൈപ്പുകളും പൊളിച്ചു മാറ്റേണ്ടതുണ്ട്. പൈപ്പുകൾ നശിപ്പിക്കാതെ എടുത്തു മാറ്റാൻ കഴിയുമോ എന്നും ശ്രമിക്കും. നേരത്തേ ജലസേചന വകുപ്പ് 16 ലക്ഷത്തോളം രൂപയാണ് പാലം പൊളിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയത്.

എൽഎസ്ജിഡി എക്സി. എൻജിനീയർ ടി.പി.വാസു, അസി. എക്സി. എൻജിനീയർ സിന്ധു, അസി. എൻജിനീയർ രാജേഷ്, നഗരസഭാധ്യക്ഷൻ വി.കുഞ്ഞൻ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ്, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, പഞ്ചായത്തംഗം എം.ടി.അഷ്റഫ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പ്രകാശൻ തുടങ്ങിയവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/21/kozhikode-white-pipe-bridge-check-in-mukkam.html

Related Articles

Leave a Reply

Back to top button