Kerala

സംസ്ഥാനത്ത് അധിക ഇളവുകളില്ല; വാരാന്ത്യ ലോക് ഡൗൺ തുടരും

സംസ്ഥാനത്ത് കൂടുതൽ ലോക് ഡൗൺ ഇളവുകൾ നൽകില്ല. വാരാന്ത്യ ലോക് ഡൗൺ തുടരാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിലവിലുളള നിയന്ത്രണങ്ങൾ തുടരും. ടിപിആർ നിരക്ക് അനുസരിച്ചുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ടിപിആർ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ.

ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിനെ സുപ്രിം കോടതി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി

പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യവസായിയായ ന്യൂഡൽഹി സ്വദേശി പി കെ ഡി നമ്പ്യാർ ആണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഹർജി നൽകിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കേരളത്തിലാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമർശനം ഉയർന്നത്.

Related Articles

Leave a Reply

Back to top button