Karassery

ഗ്രാമങ്ങൾക്ക് കൂടുതൽ സഹായമാകുന്നത് സഹകരണമേഖല -എം.വി. ശ്രേയാംസ് കുമാർ

കാരശ്ശേരി: രാജ്യത്തിന്റെ ഗ്രാമീണ മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്നും ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിക്കുന്നതെന്നും മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി. പറഞ്ഞു. കാരശ്ശേരി സഹകരണബാങ്ക് സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര മ്യൂസിയം സ്ഥാപിക്കുന്നതുൾപ്പെടെ കൂടുതൽ കാര്യങ്ങൾ സമൂഹത്തിനായി ചെയ്യുന്ന കാരശ്ശേരി ബാങ്ക് ഈ രംഗത്തെ നല്ല മാതൃകയാണ്. കോവിഡിനെതിരേ സ്വന്തം ജീവൻപോലും നോക്കാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ തുടങ്ങി എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരെയും സഹകരണദിനത്തിൽ ആദരിച്ചതിൽ അദ്ദേഹം ബാങ്കിനെ അഭിനന്ദിച്ചു.

ആരോഗ്യ പ്രവർത്തകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പുഴയിൽ നീന്തി വിസ്മയമായ തോട്ടുമുക്കം സ്വദേശിനി നാലുവയസ്സുകാരി റന ഫാത്തിമയെയും ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു. തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങളും ചടങ്ങിൽ കൈമാറി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. സ്മിത, എൽ.ജെ.ഡി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി. കുഞ്ഞാലി, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, മെഡിക്കൽ ഓഫീസർ ഡോ. പി.പി. സജ്ന, കണ്ടൻ പട്ടർചോല എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button