മുക്കത്ത് നാലരക്കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

മുക്കം : മുക്കം നഗരത്തിൽ കുന്ദമംഗലം എക്സൈസിന്റെ വൻ കഞ്ചാവുവേട്ട. നാലരക്കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പിടികൂടി. മാൾഡ ജില്ലക്കാരായ അബ്ദുൾ സുക്രുദ്ദീൻ (32), റഫീക്ക് ഉൾ ഇസ്ലാം (39) എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. രമേഷും സംഘവും ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ നടത്തിയ പരിശോധനയ്ക്കിടെ മുക്കം പോസ്റ്റോഫീസ് റോഡിൽവെച്ചാണ് ഇവർ പിടിയിലായത്.
നാട്ടിൽപ്പോയി മടങ്ങിവരുമ്പോൾ വൻതോതിൽ കഞ്ചാവെത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പനനടത്തുന്ന ഇവരെ കഴിഞ്ഞ മൂന്നുമാസമായി നിരീക്ഷിച്ചുവരുകയായിരുന്നു. സംഘത്തിൽ കൂടുതൽപ്പേരുണ്ടോയെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു. താമരശ്ശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രതിഷ് ചന്ദ്രൻ, ഷഫീഖലി, അർജുൻ, വൈശാഖ്, ഡ്രൈവർ പ്രജീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.







