ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ദേശീയ പാതയിൽ കുഴിയെടുത്ത ഭാഗങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കിയില്ല, അപകടം തുടർക്കഥ..

താമരശ്ശേരി: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി ദേശീയപാതയിൽ കുഴികൾ എടുത്ത ഭാഗം പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിൽ ആക്കാത്തത് കാരണം അപകടങ്ങൾ പതിവായിരിക്കുകയാണ്.ഇരുചക്ര യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.
50 ലക്ഷം രൂപ ചിലവഴിച്ച് ഇൻ്റർ ലോക്ക് കട്ടകൾ പാകിയ താമരശ്ശേരി ചുങ്കം ജംഗ്ഷൻ വെട്ടി പൊളിച്ചിട്ട അവസ്ഥയിലാണ്, താമരശ്ശേരി മുതൽ കാരന്തൂർ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളാണ് ഈ രൂപത്തിൽ പൊളിഞ്ഞു കിടക്കുന്നത്, ചില സ്ഥലങ്ങളിൽ ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും അടിയിലെ മണ്ണ് അമർത്താതിരുന്നത് കാരണം ടാറിംഗ് അടക്കം താഴ്ന്ന് പോയിട്ടുണ്ട് ഇത് കൂടുതൽ അപകടം വിളിച്ചു വരുത്തുന്നു.
താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിന് മുന്നിലടക്കം പല സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ ചെളിക്കെട്ട് രൂപപ്പെട്ടത് കാരണം കടളിലേക്ക് ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്.
മഴ കൂടുതൽ ശക്തമായാൽ അപകടങ്ങൾ വർദ്ധിക്കാൻ നിലവിലെ അവസ്ഥ ഇടവരുമെന്നും അതിനാൽ റോഡിലെ കുഴികൾ നികത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






