Mukkam

പ്രഖ്യാപനത്തിലൊതുങ്ങി, പൈതൃകപാർക്ക് ബ്രിട്ടീഷ് പാലവും പദ്ധതിയും കാടുമൂടി

മുക്കം : മുക്കം നഗരസഭയുടെ ടൂറിസംമേഖലയ്ക്ക് കരുത്താകുമെന്ന് കൊട്ടിഘോഷിച്ച പൈതൃകപാർക്ക് നാലുവർഷങ്ങൾക്കിപ്പുറവും ഫയലിൽ ഉറങ്ങുന്നു. തുടർനടപടികൾ ഇല്ലാതായതോടെ പത്തുലക്ഷം രൂപയുടെ പദ്ധതിയും അഗസ്ത്യൻമുഴിയിലെ ബ്രിട്ടീഷ് പാലവും പരിസരവും കാടുമൂടി. മുക്കത്തിന്റെ വികസനചരിത്രത്തിലെ പ്രധാന ഏടാണ് 1926-ൽ ബ്രിട്ടീഷുകാർ നിർമിച്ച ഇരുമ്പുപാലം. അഗസ്ത്യൻമുഴിയിൽ നിർമിച്ച ഈ പാലം പത്തുലക്ഷം രൂപ ചെലവിൽ പൈതൃകപാർക്കാക്കുമെന്നായിരുന്നു മുക്കം നഗരസഭയുടെ പ്രഖ്യാപനം. മലബാർ കലാപത്തിനുശേഷം ഉൾനാടൻ ഗതാഗതത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ബ്രിട്ടീഷുകാർ ഇവിടെ പാലം നിർമിച്ചത്. മുക്കം അഗ്നിശമനസേന കെട്ടിടത്തിന് സമീപം കാടുമൂടിയ നിലയിലുള്ള പാലം പുതുതലമുറയ്ക്ക് പരിചിതമല്ല.

ഇരുമ്പുകൊണ്ട് നിർമിച്ച പാലത്തിൽ, കാസ്റ്റ് അയേണുകൊണ്ട് പുരാതന മാതൃകയിൽ കൈവരികളും ഇരിപ്പിടങ്ങളും നിർമിക്കുന്നതായിരുന്നു പദ്ധതി. വെള്ളപ്പൊക്കസാധ്യതാ മേഖലയായതിലാണ് കാസ്റ്റ് അയേൺ ഉപയോഗിച്ച് നിർമാണപ്രവൃത്തികൾ നടത്താൻ തീരുമാനിച്ചിരുന്നത്. മുക്കം അഗ്നിരക്ഷാനിലയംമുതൽ ഹൈസ്കൂൾകുന്നുവരെയുള്ള നൂറുമീറ്ററോളം വരുന്ന ബ്രിട്ടീഷ് പാലത്തിന്റെ അപ്രോച്ച് റോഡ് കരിങ്കൽപ്പാളികൾ വിരിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ടായിരുന്നു. രണ്ടുമീറ്റർ അകലത്തിൽ സ്ഥാപിക്കുന്ന നൂറുവിളക്കുകാലുകളിൽ മുക്കത്തിന്റെ ചരിത്രസംഭവങ്ങൾ ലഘുവിവരണങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. പ്രഭാതസവാരിക്കും ഒഴിവുസമയം ചെലവഴിക്കാനുമുള്ള ഇടമായി പാലത്തെ മാറ്റുകയായിരുന്നു ലക്ഷ്യം.

ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ ഭരണസമിതിയുടെ ആദ്യകാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് വർഷങ്ങൾക്കിപ്പുറവും യാഥാർഥ്യമാകാതെ നിൽക്കുന്നത്. ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റുകളിൽനിന്നുള്ള ചരക്കുനീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും പാലം തുറന്നുകൊടുത്തതോടെ മലയോരമേഖലയുടെ വ്യാപാരതലസ്ഥാനമായി മുക്കം മാറിയിരുന്നു. മുക്കത്തേക്കുള്ള ആദ്യ ബസ് സർവീസായ സി.ഡബ്ല്യു.എം.എസിന്റെ കരിവണ്ടി സർവീസ് നടത്തിയത് ഈ പാലത്തിലൂടെയാണ്. 1968-ൽ തൊട്ടടുത്തായി പുതിയപാലം നിർമിച്ചതോടെ ബ്രിട്ടീഷ് പാലം ചരിത്രതാളുകളിലേക്ക് മറയുകയായിരുന്നു.

Related Articles

Leave a Reply

Back to top button