India

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി…? പ്രതികരണവുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. തനിക്കറിയാവുന്നിടത്തോളം ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു. പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ എടിഎമ്മുകളില്‍ രണ്ടായിരം രൂപ നോട്ട് ലഭിക്കുന്നില്ലെന്നും, പകരം 500 രൂപ, 200 രൂപ, 100 രൂപ നോട്ടുകളുമാണ് നിറയ്ക്കുന്നതെന്ന് വന്നിരുന്ന റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം. രണ്ടായിരം രൂപ നോട്ടുകള്‍ ഇപ്പോഴും നിയമവിധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് പറഞ്ഞിരുന്നു.

ഇതോടെ വരും നാളുകളില്‍ വിപണിയില്‍ 2,000 രൂപയുടെ നോട്ടില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ദിവസം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് ഇനി രണ്ടായിരം രൂപ നോട്ട് ലഭിക്കില്ലെന്ന് അറിയിച്ചിരുന്നു. രണ്ടായിരം രൂപ നോട്ടിന് ചില്ലറ ലഭിക്കാത്ത സാഹചര്യത്തില്‍ എടിഎമ്മുകളി നിന്ന് ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ മറ്റ് ചില ബാങ്കുകളും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശങ്ക നിലനിന്നത്.

Related Articles

Leave a Reply

Back to top button