വേനപ്പാറ യു.പി സ്കൂളിൽ ഔഷധോദ്യാന വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോടഞ്ചേരി: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിലെ ഔഷധോദ്യാന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമി വൃക്ഷത്തെ നട്ടു കൊണ്ട് ഔഷധോദ്യാന വിപുലീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വേനപ്പാറ കുലിക്കപ്ര യുവശക്തി സ്വയം സഹായ സംഘം സ്കൂളിന് ഫലവൃക്ഷ തൈകളും പഠനോപകരണങ്ങളും നൽകി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി പുത്തൻപുരയ്ക്കൽ, പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യു, യുവശക്തി സ്വയം സഹായ സംഘം പ്രസിഡന്റ് പി.കെ സജീവ് കുമാർ, കെ.ആർ ബിജു അധ്യാപകരായ കെ.ജെ ഷെല്ലി, സി.കെ ബിജില, വിദ്യാർഥി പ്രതിനിധി ഫാത്തിമ ഷിഫ തുടങ്ങിയവർ സംസാരിച്ചു.







