Kozhikode

പറമ്പിൽ ബസാറിൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തുണിക്കട തീവെച്ചു നശിപ്പിച്ച കേസില്‍ താമരശ്ശേരി സ്വദേശി അറസ്റ്റിലായി

കോഴിക്കോട് ∙ പറമ്പിൽ ബസാറിൽ ഉദ്ഘാടനം ചെയ്തതിന്റെ മൂന്നാം നാൾ തുണിക്കട തീയിട്ടു നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. മുഖ്യപ്രതിയും താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമയുമായ ചാമക്കാലയിൽ വീട്ടിൽ റഫീഖിന്റെ സുഹൃത്ത് താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദ് (45) ആണു അറസ്റ്റിലായത്. റഫീഖ് വിദേശത്തേക്കു കടന്നതായി നൗഷാദ് പൊലീസിനു മൊഴി നൽകി. കഴിഞ്ഞ 8നാണു പറമ്പിൽ ബസാറിലെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കട  ഇവർ തീയിട്ടു നശിപ്പിച്ചത്.

തീയിടുന്ന ദൃശ്യങ്ങൾ തൊട്ടടുത്ത കടയിലെ സിസി ടിവിയിൽ നിന്നു ലഭിച്ചു. തുടർന്നു ചേവായൂർ പൊലീസും സിറ്റി ക്രൈംസ്ക്വാഡും ചേ‍ർന്ന് നടത്തിയ അന്വേഷണത്തിലാണു നൗഷാദിനെ പിടികൂടിയത്. തമിഴ്നാട്ടിലേക്കു മുങ്ങിയ നൗഷാദിനെ പിന്തുടർന്ന് അന്വേഷണസംഘം നാമക്കല്ലിൽ എത്തി തിരച്ചിൽ തുടരുന്നതിനിടെ ഇയാൾ കേരളത്തിലേക്കു കടന്നതായി വിവരം ലഭിച്ചു. ഇതനുസരിച്ചു പിന്തുടർന്ന അന്വേഷണസംഘം താമരശ്ശേരിയിൽ നിന്നു നൗഷാദിനെ കസ്റ്റഡിയിൽ എടുത്തു.

ഒളിവിൽ പോകാനുപയോഗിച്ച കാറും പിടികൂടി. റഫീഖിന് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് കട കത്തിക്കാൻ പ്രേരണയായതെന്നു പൊലീസ് പറഞ്ഞു. കടയ്ക്കു തീയിട്ടതിലൂടെ ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയുടമയുമായി പ്രതിക്ക് സാമ്പത്തിക ഇടപാടും ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

വിദേശത്തുനിന്നു റഫീഖിനെ നാട്ടിലെത്തിക്കുള്ള നടപടി ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. മെഡിക്കൽ കോളജ് സബ് ഡിവിഷൻ എസി കെ.മുരളീധരന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, സുമേഷ് ആറോളി, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സി.രവീന്ദ്രൻ, സിപിഒ പി.സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. നൗഷാദിനെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button