India

ജ്വല്ലറികളിൽ ഇനി മുതൽ ഹാൾമാർക്കിങ് നിർബന്ധം

ന്യൂഡൽഹി:ഹാള്‍മാര്‍ക്കിംഗ് നിയമം നിര്‍ബന്ധമാക്കിയതോടെ ജൂൺ 15 മുതല്‍ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാള്‍മാര്‍ക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വര്‍ണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണാഭരണം മാത്രമേ ജ്വല്ലറികള്‍ക്ക് ഇന്നുമുതല്‍ വില്‍ക്കാനാകൂ. അതേസമയം,​ ഉപയോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് വ്യവസ്ഥ ബാധകമല്ല. ഉപയോക്താക്കളുടെ കൈവശമുള്ള ഏതു കാരറ്റിലുള്ള സ്വര്‍ണാഭരണവും തുടര്‍ന്നും മാറ്റിയെടുക്കാം. പഴയ സ്വര്‍ണം വിറ്റു പണമാക്കാനും കഴിയും. ഹാള്‍മാര്‍ക്ക് ചെയ്യാത്തതോ, നിശ്ചിത കാരറ്റിലല്ലാത്തതോ ആയ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും തടസമില്ല. എന്നാല്‍,​ തിരിച്ച്‌,​ ജ്വല്ലറികള്‍ ഉപയോക്താക്കള്‍ക്കു വില്‍ക്കുന്ന സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തതായിരിക്കണം എന്നതാണ് പുതിയനിയമത്തിലെ വ്യവസ്ഥ.

ഉപയോക്താക്കളുടെ സ്വര്‍ണത്തിന് ജ്വല്ലറികള്‍ വിപണി വില നല്‍കുകയും വേണം. ഹാള്‍മാര്‍ക് ചെയ്യാത്ത സ്വര്‍ണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വര്‍ണവ്യാപാരികള്‍ പറഞ്ഞാല്‍,​ ഉപയോക്താക്കള്‍ക്കു നിയമപരമായി നീങ്ങാവുന്നതാണ്. സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല, നാണയങ്ങളോ മറ്റ് ഉരുപ്പടികളോ വില്‍ക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാള്‍മാര്‍ക്കിംഗ് ആവശ്യമില്ല. അതേസമയം, രണ്ടു ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ഹാള്‍മാര്‍ക്കിംഗ് ബാധകമല്ല.

2020 ജനുവരിയിലാണു നിയമം പാസാക്കിയത്. ജ്വല്ലറികളുടെ പക്കലുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ സമയം നല്‍കിയിരുന്നു. 2021 ജനുവരിയില്‍ പൂര്‍ണമായും ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചതെങ്കിലും കൊവിഡ് മൂലം ആറുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു. 2000 മുതല്‍ ഹാള്‍മാര്‍ക്കിംഗ് രാജ്യത്തു നിലവിലുണ്ട്. അതേസമയം, നിയമം നടപ്പാക്കാനുള്ള സമയപരിധി 2022 ജൂണ്‍ വരെ നീട്ടണമെന്നാണ് സ്വര്‍ണവ്യാപാര രംഗത്തെ സംഘടനകളുടെ ആവശ്യം.

ഹാള്‍മാര്‍ക്കിംഗ്

സ്വര്‍ണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി ആഭരണത്തില്‍ ആലേഖനം ചെയ്യുന്ന മുദ്ര‌യാണിത്. വാങ്ങുന്ന സ്വര്‍ണത്തില്‍ മായംകലരുന്നതില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കണമെങ്കില്‍ ജ്വല്ലറികള്‍ ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. ഇനിമുതല്‍ ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സും നിര്‍ബന്ധമാണ്.

പണയംവയ്ക്കാം

സാമ്ബത്തിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയം വയ്ക്കുമ്ബോഴും സ്വര്‍ണപണയത്തിനും നിയമം ബാധകമല്ല.

സ്വര്‍ണത്തിന്റെ വിപണിമൂല്യത്തിന് ആനുപാതികമായ പണം ഉപയോക്താവിനു ലഭിക്കും. ഹാള്‍മാര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ സേവനം നിഷേധിച്ചാല്‍ ഉപയോക്താവിനു നിയമപരമായി മുന്നോട്ടുപോകാം.

*പഴയസ്വര്‍ണം പുതിയതാകും*

ഉപയോക്താക്കളുടെ കൈകളില്‍നിന്നു വ്യാപാരികള്‍ വിലയ്ക്കു വാങ്ങുന്ന പഴയ സ്വര്‍ണം, ഉരുക്കി, നിശ്ചിത കാരറ്റിലാക്കി ഹാള്‍മാര്‍ക് ചെയ്തു വീണ്ടും വിപണികളിലെത്തിക്കും.

വിപണിവില തന്നെ കിട്ടും

മാറ്റ് അനുസരിച്ചുള്ള അന്നത്തെ വിപണി വില സ്വര്‍ണം വില്‍ക്കുന്ന ഉപയോക്താക്കള്‍ക്കു ലഭിക്കും. പഴയ ആഭരണത്തിന്റെ കാരറ്റ് പരിശോധിച്ചായിരിക്കും ജ്വല്ലറികള്‍ വില നിശ്ചിയിക്കുക. ഇതിനായി കാരറ്റ് അനലൈസര്‍ സംവിധാനം ഭൂരിഭാഗം ജ്വല്ലറികള്‍ക്കുമുണ്ട്. ഉപയോക്താവിനും ഇവ നേരില്‍കണ്ടു ബോദ്ധ്യപ്പെടാം.

ഇനി സ്വര്‍ണം മൂന്ന് കാരറ്റുകളില്‍മാത്രം

14, 18, 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമേ ജ്വല്ലറികള്‍ക്കു വില്‍ക്കാനാകൂ. ഇതില്‍ ഏതു കാരറ്റില്‍ ആഭരണങ്ങള്‍ നിര്‍മിച്ചാലും ഹാള്‍മാര്‍ക് ചെയ്യണം. 21 കാരറ്റ് സ്വര്‍ണം പുതിയ വിജ്ഞാപനപ്രകാരം ജ്വല്ലറികളില്‍ വില്‍ക്കാനാകില്ല. അതേസമയം 21 കാരറ്റ് ആഭരണങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് ജ്വല്ലറികള്‍ക്കു വാങ്ങാം. പല വിദേശരാജ്യങ്ങളില്‍നിന്നും കൊണ്ടുവരുന്ന സ്വര്‍ണം 21 കാരറ്റിലുള്ളവയാണ്.

ഹാള്‍മാര്‍ക്ക് നോക്കി മേന്മ അറിയാം

1. ഹാള്‍മാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന്റെ മുദ്ര
2. ജ്വല്ലറിയുടെ തിരിച്ചറിയല്‍ മുദ്ര
3. ബി.ഐ.എസ് മുദ്ര
4. നിലവാരം കാരറ്റില്‍ രേഖപ്പെടുത്തിയത്

Related Articles

Leave a Reply

Back to top button